ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായെത്തിയ കർഷകരെ പൊലീസ് തടഞ്ഞു; ജന്തർ മന്തറിൽ സുരക്ഷ ശക്തമാക്കി
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാജ്യവ്യാപകമായി മെഴുക് തിരി കത്തിച്ച് പ്രതിഷേധമുണ്ടാകും
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെത്തിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി എത്തിയ കർഷകരെ ഡൽഹി-ഹരിയാന അതിർത്തിയായ തിക്രിയിൽ പൊലീസ് തടഞ്ഞു. ഗുസ്തി താരങ്ങൾ സമരം ചെയ്യുന്ന ജന്തർ മന്തറിൽ പൊലീസ് സുരക്ഷ ശക്തമാക്കി. കർഷകരും തൊഴിലാളി സംഘടനകളും വിദ്യാർഥികളുമുൾപ്പടെ കൂടുതൽ പേർ താരങ്ങൾക്ക് പിന്തുണ അറിയിച്ചെത്തുന്ന സാഹചര്യത്തിലാണ് നടപടി.
ഗുസ്തി താരങ്ങളുടെ സമരത്തിന് കിസാൻ മഹാ പഞ്ചായത്ത് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംയുത കിസാൻ മോർച്ചയുടെ അടക്കമുള്ള നേതാക്കളും ഖാപ്പ് പഞ്ചായത്ത് നേതാക്കളും വിവിധ തൊഴിലാളി സംഘടനകളും വിദ്യാർത്ഥി സംഘടനകളും പിന്തുണ പ്രഖ്യാപിച്ച് സമരവേദിയിലെത്തുമെന്നും അറിയിച്ചിരുന്നു.
പിന്തുണ അറിയിച്ചെത്തുന്നവരെ തടയരുതെന്ന് ഡൽഹി പൊലീസിനോട് ഗുസ്തി താരങ്ങൾ അഭ്യർത്ഥിച്ചിരുന്നു.പൊലീസ് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുമെന്നും പിന്തുണ അറിയിച്ചെത്തുന്നവർ സമാധാനം പാലിക്കണം എന്നും ഗുസ്തി താരങ്ങൾ അറിയിച്ചു. ഇന്ന് രാത്രി 7.00 മണിക്ക് മെഴുകുതിരി കത്തിച്ചും ഗുസ്തി താരങ്ങൾ പ്രതിഷേധിക്കും.
Adjust Story Font
16