Quantcast

ഡല്‍ഹി കൊലവിളി മുദ്രാവാക്യം; അറസ്റ്റ് തടയണമെന്ന ഹിന്ദു രക്ഷാ ദളിന്റെ അപേക്ഷ തള്ളി കോടതി

ഇന്ത്യ, താലിബാന്‍ രാഷ്ട്രമല്ലെന്നും, നിയമവാഴ്ച്ചയുള്ള രാജ്യമാണെന്നും നേരത്തെ കോടതി പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Published:

    27 Aug 2021 2:19 PM GMT

ഡല്‍ഹി കൊലവിളി മുദ്രാവാക്യം; അറസ്റ്റ് തടയണമെന്ന ഹിന്ദു രക്ഷാ ദളിന്റെ അപേക്ഷ തള്ളി കോടതി
X

ഡല്‍ഹി ജന്തര്‍മന്ദറില്‍ നടത്തിയ വിവാദ കൊലവിളി മുദ്രാവാക്യത്തില്‍ അറസ്റ്റ് തടയണമെന്ന ഹിന്ദുത്വ നേതാവിന്‍റെ അപേക്ഷ തള്ളി ഹൈക്കോടതി. ആഗസ്റ്റ് എട്ടിന് ജന്തര്‍മന്ദറില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ ഹിന്ദു രക്ഷാ ദള്‍ അധ്യക്ഷന്‍ ഭൂപീന്ദര്‍ തോമറിന്റെ അപേക്ഷയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.

സംഭവത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി സെപ്തംബര്‍ 13 ന് വാദം കേള്‍ക്കല്‍ മാറ്റിവെച്ചു.

ആഗസ്റ്റ് എട്ടിന് ജന്തര്‍മന്ദറില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുസ്‍ലിങ്ങള്‍ക്കെതിരെ കൊലവിളി ഉയര്‍ത്തിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും വ്യപകമായി പ്രചരിക്കപ്പെട്ടിരുന്നു.

എന്നാല്‍ കൊലവിളിയില്‍ തന്റെ കക്ഷി പങ്കെടുത്തിരുന്നില്ലെന്നാണ് ഭൂപീന്ദറിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ കോടതിയില്‍ വാദിച്ചത്. സംഘാടകനും പരിപാടിയില്‍ പങ്കെടുത്ത ബി.ജെ.പി നേതാവുമായ അശ്വിനി ഉപധ്യായക്ക് ജാമ്യം ലഭിച്ച കാര്യവും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍, എഫ്.ഐ.ആര്‍ പ്രകാരം പരിപാടിയില്‍ വിദ്വേഷകരമായ മുദ്രാവാക്യങ്ങളും പ്രസംഗവും നടന്നതായി പറയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് വരട്ടെയെന്നും പറഞ്ഞു. പരിപാടി നടക്കുമ്പോള്‍ ഭൂപീന്ദര്‍ എവിടെയായിരുന്നു എന്ന കോടതിയുടെ ചോദ്യത്തിന്, അദ്ദേഹം പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും, എന്നാല്‍ അക്രമോത്സുക മുദ്രാവാക്യങ്ങള്‍ വിളിച്ചില്ലെന്നുമാണ് അഭിഭാഷകന്‍ പറഞ്ഞത്.

കേസില്‍ ഭൂപീന്ദര്‍ തോമറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആഗസ്റ്റ് 21 ന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇന്ത്യ താലിബാന്‍ രാഷ്ട്രമല്ലെന്നും, നിയമവാഴ്ച്ചയുള്ള സ്ഥമാണെന്നുമായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്. രാജ്യത്തിന്റെ വൈവിധ്യപൂര്‍ണമായ സംസ്‌കാരം ഉള്‍കൊള്ളാന്‍ കഴിയണമെന്നും കോടതി പറഞ്ഞു.

ഏക സിവില്‍കോഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ പരിപാടിക്കിടെയാണ് വിവാദപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസ് സംഘാടകര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. മതവിദ്വേഷം പ്രചരിപ്പിച്ചതിനും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പരിപാടിയുടെ സംഘാടകനായും പ്രഭാഷകനുമായിരുന്നിട്ടും ബി.ജെ.പി നേതാവ് അശ്വിനി ഉപധ്യായക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

TAGS :

Next Story