മദ്യനയ അഴിമതിക്കേസ്: കെ.കവിതയെ വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യും
ഇന്നലെ ഇഡിയുടെ ചോദ്യം ചെയ്യൽ നീണ്ടത് ഒൻപത് മണിക്കൂർ
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ.കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യും. ശനിയാഴ്ച 9 മണിക്കൂറാണ് കവിതയെ ഇ.ഡി ആസ്ഥാനത്ത് ചോദ്യം ചെയ്തത്. കേസിൽ നേരത്തെ അറസ്റ്റിലായ അരുൺ രാമചന്ദ്രപിള്ളയുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ ചോദ്യം ചെയ്യൽ.
ഇ.ഡി ആസ്ഥാനത്ത് നടന്ന ഒമ്പതുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കവിതയോട് മാർച്ച് 16 ന് വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്. കേസിൽ അറസ്റ്റിലായ അരുൺ രാമചന്ദ്രപിള്ളയ്‌ക്കൊപ്പമിരുത്തി കവിതയെ ചോദ്യം ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം. കവിതയുടെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ ഇ.ഡി. ശേഖരിച്ചു. ചോദ്യം ചെയ്യലിനിടെ കവിതയുടെ മൊബൈൽ ഫോൺ ഇഡി ആവശ്യപ്പെട്ടതിനെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥൻ വീട്ടിൽ നിന്നും ഫോൺ എത്തിക്കുകയായിരുന്നു.
അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന സമയത്ത് കവിത ഉപയോഗിച്ചിരുന്ന ഫോൺ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും ഇ.ഡി. ചോദിച്ചെന്നാണ് റിപ്പോർട്ട്. ഇഡി ഓഫീസ് വിട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയ കവിതയെ പാർട്ടി പ്രവർത്തകരും അനുയായികളും ചേർന്ന് സ്വീകരിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ഈ കേസിൽ സിബിഐയും കവിതയെ ചോദ്യം ചെയ്തിരുന്നു . മുതിർന്ന എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും ഇതേ കേസിൽ അറസ്റ്റിലായിട്ടുണ്ട്.
Adjust Story Font
16