എക്സൈസ് കേസ്: മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ആഗസ്റ്റ് അഞ്ചിന് വിശദമായ വാദം
ഒന്നേകാൽ വർഷത്തിലേറെയായി കസ്റ്റഡിയിലാണെന്നും വിചാരണയിൽ പുരോഗതിയില്ലെന്നും പറഞ്ഞാണ് സിസോദിയ ജാമ്യാപേക്ഷ സമർപ്പിച്ചത്
ഡൽഹി: ഡൽഹി മദ്യനയകേസിൽ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയിൽ ആഗസ്റ്റ് അഞ്ചിന് വിശദമായ വാദം കേൾക്കുമെന്ന് സുപ്രിം കോടതി അറിയിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് സി.ബി.ഐ.യും ഇ.ഡി.യും രജിസ്റ്റർചെയ്ത കേസിൽ ജാമ്യംതേടിയാണ് മനീഷ് സിസോദിയ ഹരജി നൽകിയത്.
എന്നാൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന ഇ.ഡിയുടെ അപേക്ഷ പരിഗണിച്ചാണ് വിശദമായ വാദം ആഗസ്റ്റ് അഞ്ചിന് കേൾക്കാമെന്ന് ഉത്തരവിട്ടത്. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് തീരുമാനം.
ഒന്നേകാൽ വർഷത്തിലേറെയായി കസ്റ്റഡിയിലാണെന്നും വിചാരണയിൽ പുരോഗതിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിസോദിയ ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകിപ്പിക്കാൻ കേന്ദ്ര ഏജൻസികൾ ബോധപൂർവം ശ്രമിക്കുകയാണെന്ന് സിസോദിയക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എ.എം സിംഗ്വി പറഞ്ഞു.
2023 ഫെബ്രുവരി 26നാണ് ആംആദ്മി നേതാവ് കൂടിയ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. സി.ബി.ഐയുടെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ മെയ് 21 നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തത്.
Adjust Story Font
16