Quantcast

'ഡൽഹിക്ക് ഒരേയൊരു മുഖ്യമന്ത്രിയേ ഉള്ളൂ, അത് കെജ്‌രിവാളാണ്': അതിഷി

കെജ്‌രിവാള്‍ രാജിവെക്കുന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിയും എഎപി വക്താവും കൂടിയായ അതിഷിയാണ് എത്തുക.

MediaOne Logo

Web Desk

  • Updated:

    2024-09-17 10:33:54.0

Published:

17 Sep 2024 10:30 AM GMT

Atishi
X

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജ്‌രിവാളിനെ തിരികെ എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അതിഷി. കെജ്‌രിവാള്‍ രാജിവെക്കുന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മന്ത്രിയും എഎപി വക്താവും കൂടിയായ അതിഷിയാണ് എത്തുക.

എഎപി നിയമസഭാ കക്ഷിയോഗത്തില്‍ അതിഷിയെ മുഖ്യമന്ത്രിയായി കെജ്‌രിവാള്‍ നിര്‍ദേശിക്കുകയായിരുന്നു. എഎപി എംഎല്‍എമാര്‍ അതിനെ പിന്തുണച്ചു. കെജ്‌രിവാള്‍ ഇന്ന് വൈകീട്ടോടെ ലെഫ്‌.ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കും.

ഡല്‍ഹി മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അതിഷി ഇക്കാര്യം വ്യക്തമാക്കിയത്. കെജ്‌രിവാളിനെ രാഷ്ട്രീയ ഗുരുവെന്നാണ് അതിഷി വിശേഷിപ്പിച്ചത്.

കെജ്‌രിവാളിനെതിരെ കള്ളക്കേസുകൾ ചുമത്തി എഎപി സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചതിന് ബിജെപിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

"ഡൽഹിക്ക് ഒരു മുഖ്യമന്ത്രി മാത്രമേയുള്ളൂ, അത് അരവിന്ദ് കെജ്‌രിവാൾ ആണ്. കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രിയായി തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തിനായാണ് അടുത്ത കുറച്ച് മാസങ്ങൾ ഞാൻ പ്രവർത്തിക്കുക''- അതിഷി പറഞ്ഞു. 'ഞാൻ മറ്റേതെങ്കിലും പാർട്ടിയിൽ ആയിരുന്നെങ്കിൽ ഒരു പക്ഷെ എനിക്ക് ഒരു തെരഞ്ഞെടുപ്പ് ടിക്കറ്റ് പോലും ലഭിക്കില്ലായിരുന്നു. എന്നാൽ അരവിന്ദ് കെജ്‌രിവാൾ എന്നെ വിശ്വസിച്ച് എംഎൽഎയും മന്ത്രിയുമാക്കി, ഇന്ന് മുഖ്യമന്ത്രിയുടെ ചുമതല തന്നു''- ധനകാര്യം ഉൾപ്പെടെ 14 വകുപ്പുകൾ വഹിക്കുന്ന അതിഷി വ്യക്തമാക്കി.

കെജ്‌രിവാളിന്റെ മാർഗനിർദ്ദേശത്തിലായിരിക്കും താൻ പ്രവർത്തിക്കുക എന്നും അതിഷി കൂട്ടിച്ചേര്‍ച്ചു. അതേസമയം അതിഷിയുടെ പരാമര്‍ശത്തെ പരിഹസിച്ച് ബിജെപി രംഗത്ത് എത്തി. 'ഡൽഹിയിലെ പാവ മുഖ്യമന്ത്രി'യാവും അതിഷിയെന്നായിരുന്നു ബിജെപിയുടെ പരിഹാസം. കെജ്‌രിവാൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ വിദ്യാഭ്യാസം, ആരോഗ്യം, സൗജന്യ വൈദ്യുതി പദ്ധതികളെ ബാധിക്കുമെന്ന് ഡൽഹിയിലെ വോട്ടർമാർക്കറിയാമെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.

വോട്ടെടുപ്പ് നേരത്തെ നടത്തണമെന്ന് എഎപി ആവശ്യപ്പെടുന്നുണ്ടെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം ബാക്കിയുണ്ട്. ഈ ആറ് മാസവും അതിഷയെ സംബന്ധിച്ച് ശക്തമായ പരീക്ഷണങ്ങളാകും കാത്തിരിക്കുക. ബിജെപിയെ കൂടാതെ ഡല്‍ഹിയില്‍ ശക്തി കൂടിവരുന്ന കോൺഗ്രസിനെയും അതിഷിക്ക് കാര്യമായി തന്നെ നേരിടേണ്ടിവരും.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍, തിഹാര്‍ ജയിലില്‍നിന്ന് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാള്‍ രാജി പ്രഖ്യാപനം നടത്തിയത്. രാജിവെക്കുകയാണെന്നും ജനങ്ങളുടെ അഗ്‌നിപരീക്ഷയില്‍ ജയിച്ചശേഷംമാത്രം മുഖ്യമന്ത്രിക്കസേര മതിയെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ കാലാവധി തീരാന്‍ അഞ്ചുമാസം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത നീക്കം.

TAGS :

Next Story