Quantcast

അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ഹരജി; നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി

അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

MediaOne Logo

Web Desk

  • Updated:

    26 March 2025 9:52 AM

Published:

26 March 2025 7:53 AM

Delhi HC issues notice in plea challenging Atishi’s assembly election win
X

ന്യൂഡൽഹി: ഡൽ‍ഹി മുൻ‍ മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി എംഎൽഎയുമായ അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. കൽകാജി മണ്ഡലത്തിലെ വിജയം തെരഞ്ഞെടുപ്പിൽ‍ ക്രമക്കേട് കാണിച്ച് നേടിയതാണെന്നും മുഖ്യമന്ത്രി പദം ദുരുപയോ​ഗം ചെയ്തെന്നും ആരോപിച്ചുള്ള ഹരജിയിലാണ് അതിഷിക്കും ഡൽ‍ഹി പൊലീസിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചത്.

അതിഷിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ജസ്റ്റിസ് ജ്യോതി സിങ്ങിന്റെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കൽകാജിയിലെ വോട്ടർ‍മാരായ കമൽജിത് സിങ് ദ​ഗ്​ഗൽ, ആയുഷ് റാണ എന്നിവർ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. ഹരജി ജൂലൈ 30ലേക്ക് പരി​ഗണിക്കാൻ‍ മാറ്റി. ആവശ്യമായ രേഖകൾ അന്ന് ഹാജരാക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും നിർദേശം നൽകി.

മുഖ്യമന്ത്രിയുടെ അധികാരം ദുർവിനിയോ​ഗം ചെയ്ത് അതിഷി തെര‍ഞ്ഞെടുപ്പ് പെരുമാട്ടചട്ടവും ജനപ്രാതിനിധ്യനിയമവും ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഔദ്യോഗിക വാഹനങ്ങൾ ഉപയോ​ഗിച്ചെന്നും ഹരജിയിൽ പറയുന്നു. പൊതുവിഭവങ്ങൾ ചൂഷണം ചെയ്തെന്നും തന്റെ തെരഞ്ഞെടുപ്പ് വിജയ സാധ്യത വർധിപ്പിക്കുന്നതിന് സർക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് സഹായം നേടിയെന്നും ഹരജിയിൽ ആരോപിക്കുന്നു.

ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്തിരുന്ന അതിഷിയുടെ കൂട്ടാളികൾ അവരുടെ നിർദേശപ്രകാരം വോട്ടുകൾ വാങ്ങിയെന്നും ഹരജിയിൽ പറയുന്നു. ബിധുഡിയുടെ നിർദേശപ്രകാരം കൽകാജിയിലെ ഗുണ്ടായിസം അരങ്ങേറുകയാണെന്നതടക്കമുള്ള പ്രസ്താവനകൾ‍ ഉൾപ്പെടുത്തിയ വ്യാജ വീഡിയോകൾ ആം ആദ്മി പ്രവർത്തകർ അതിഷിയുടെ സമ്മതത്തോടെ പ്രസിദ്ധീകരിച്ചെന്നും പോളിങ് സ്റ്റേഷനുകളിലേക്കും തിരിച്ചും വോട്ടർമാരെ സൗജന്യമായി കൊണ്ടുപോകാനായി വാഹനങ്ങൾ വാടകയ്‌ക്കെടുത്തതായും ഹരജിയിൽ ആരോപിക്കുന്നു. അതിഷിക്കെതിരെ രജിസ്റ്റർ ചെയ്ത ചില ക്രിമിനൽ കേസുകൾ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടില്ലെന്നാണ് മറ്റൊരു ആരോപണം.

അതേസമയം, തങ്ങളെ ഹരജിയിൽ കക്ഷി ചേർക്കുന്നതിനെ തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെയും ഡൽഹി പൊലീസിന്റേയും അഭിഭാഷകർ എതിർത്തു. എങ്കിൽ മറുപടി ഫയൽ ചെയ്യാൻ കോടതി അഭിഭാഷകരോട് ആവശ്യപ്പെട്ടു. വാദം കേൾക്കുമ്പോൾ ഇക്കാര്യം ചോദ്യം ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.

കൽകാജിയിൽ ബിജെപി നേതാവ് രമേശ് ബിധുഡിയെ 35,000 വോട്ടുകൾ‌‌ക്ക് പരാജയപ്പെടുത്തിയാണ് അതിഷി വിജയിച്ചത്. മുൻ മുഖ്യമന്ത്രിയും ആപ് കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ള നേതാക്കൾ‍ പരാജയപ്പെട്ടപ്പോഴാണ് അതിഷി വിജയിച്ചുകയറിയത്. നിലവിൽ ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് അതിഷി.

TAGS :

Next Story