'കൗ ഹഗ് ഡേ' ആചരിക്കാൻ കോടതിക്കെങ്ങനെ പറയാനാവും?'; 'പശു ആലിംഗന ദിനം' പിൻവലിച്ചതിനെതിരായ ഹരജി തള്ളി കോടതി
'കൗ ഹഗ് ഡേ' നടപ്പാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
ന്യൂഡൽഹി: 'വാലന്റൈൻസ് ഡേ' ആയ ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാനുള്ള തീരുമാനം പിൻവലിച്ചതിനെതിരായ ഹരജി തള്ളി ഡൽഹി ഹൈക്കോടതി. അതൊരു നയപരമായ തീരുമാനമാണെന്നും കോടതിക്കതിൽ ഇടപെടാനാവില്ലെന്നും പറഞ്ഞാണ് ഹരജി തള്ളിയത്. ഹൈദരാബാദിലെ തിരുമൂല തിരുപ്പതി ദേവസ്ഥാനം മുൻ അംഗം കോലിശെട്ടി ശിവകുമാറാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്.
'കൗ ഹഗ് ഡേ' നടപ്പാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. 'ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരം നേടിയതിനു ശേഷവും മൃഗസംരക്ഷണ- ക്ഷീരവകുപ്പ്, ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം എന്നിവയുടെ നിർദേശപ്രകാരവുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ ഒരു സാധുവായ കാരണവും വ്യക്തമാക്കാതെ ബോർഡ് അത് പിൻവലിക്കുകയായിരുന്നു"- ഹരജിയിൽ പറയുന്നു.
എന്നാൽ ഇതിനെ ചോദ്യം ചെയ്ത ജസ്റ്റിസ് പ്രതിഭ എം സിങ്, എങ്ങനെയാണ് ഒരു പ്രത്യേക ദിവസം 'കൗ ഹഗ് ഡേ' ആയി ആചരിക്കാൻ കോടതിക്ക് പറയാനാവുക എന്ന് ചോദിച്ച് ഹരജി തള്ളുകയായിരുന്നു.
'മൃഗക്ഷേമ ബോർഡിന്റെ ഏതെങ്കിലും പ്രത്യേക പരിപാടിയുടെ ആഘോഷം തീർച്ചയായും പ്രസ്തുത ബോർഡിന്റെയും സർക്കാരിന്റെയും കീഴിൽ വരുന്നതാണ്. ആർട്ടിക്കിൾ 226 പ്രകാരമുള്ള ഹരജിയിൽ ഇടപെടാൻ കോടതിക്ക് കഴിയില്ല'- ജസ്റ്റിസ് പ്രതിഭ കൂട്ടിച്ചേർത്തു.
ഫെബ്രുവരി ആറിനാണ്, അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ ഫെബ്രുവരി 14ന് 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന നിർദേശം പുറത്തിറക്കിയത്. എന്നാൽ തീരുമാനം വൻ വിവാദമാവുകയും പ്രതിഷേധവും ട്രോളുകളും വ്യാപകമാവുകയും ചെയ്തതോടെ ഫെബ്രുവരി 10ന് ഇത് പിൻവലിച്ച് ബോർഡ് തടിയൂരുകയായിരുന്നു.
Adjust Story Font
16