Quantcast

ഇ.ഡിക്ക് തിരിച്ചടി; റാണാ അയ്യൂബിന് വിദേശ യാത്രാനുമതി നൽകി ഡല്‍ഹി ഹൈക്കോടതി

യാത്രാവിവരം ആഴ്ചകൾക്ക് മുൻപ് തന്നെ അറിയിച്ചിരുന്നുവെന്നും യാത്ര തടഞ്ഞതിനുശേഷം മാത്രമാണ് ഇ.ഡി സമൻസ് നൽകിയതെന്നും റാണാ അയ്യൂബ് പറയുന്നു

MediaOne Logo

Web Desk

  • Published:

    4 April 2022 11:40 AM GMT

ഇ.ഡിക്ക് തിരിച്ചടി; റാണാ അയ്യൂബിന് വിദേശ യാത്രാനുമതി നൽകി ഡല്‍ഹി ഹൈക്കോടതി
X

മാധ്യമപ്രവർത്തക റാണാ അയ്യൂബിനെ വിദേശയാത്രയിൽനിന്ന് തടഞ്ഞ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടററേറ്റ് നടപടിക്ക് തിരിച്ചടി. ഡൽഹി ഹൈക്കോടതി റാണയ്ക്ക് വിദേശയാത്രാനുമതി നൽകി. ഇ.ഡി നടപടിക്കെതിരെ അവർ നൽകിയ റിട്ട് ഹരജി പരിഗണിച്ച കോടതി ഉപാധികളോടെയാണ് യാത്രാനുമതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് ഒരു പരിപാടിയിൽ പങ്കെടുക്കാനായി ലണ്ടനിലേക്ക് തിരിക്കാനിരിക്കെ മുംബൈ രാജ്യാന്തര വിമാനത്താവളത്തിൽ റാണാ അയ്യൂബിനെ ഇ.ഡി തടഞ്ഞത്. റാണയ്‌ക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലുക്കൗട്ട് സർക്കുലർ ഇറക്കിയായിരുന്നു ഇ.ഡി നടപടി. ഇതിനെതിരെ മുതിർന്ന അഭിഭാഷകയായ വൃന്ദ് ഗ്രോവർ മുഖേനെയാണ് അവർ ഹൈക്കോടതിയിൽ റിട്ട് ഹരജി നൽകിയത്. നിശ്ചിത തുക നിക്ഷേപിക്കുക, വിദേശത്ത് എവിടെയാണ് താമസിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇ.ഡിയെ അറിയിക്കുക, ഫോൺ നമ്പർ കൈമാറുക തുടങ്ങിയ നിബന്ധനകളാണ് ജസ്റ്റിസ് ചന്ദ്രധാരി സിങ് മുന്നോട്ടുവച്ചിരിക്കുന്നത്.

ഇന്റർനാഷനൽ സെന്റർ ഫോർ ജേണലിസ്റ്റ്‌സ്(ഐ.സി.എഫ്.ജെ) ഈ മാസം ആറുമുതൽ 10 വരെ ഇറ്റലിയിലെ പെറുഗ്യയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ജേണലിസം ഫെസ്റ്റിവലിൽ പങ്കെടുക്കാനായി തിരിക്കവെയാണ് ഇ.ഡി തടഞ്ഞുവച്ചത്. യാത്രാവിവരം ആഴ്ചകൾക്ക് മുൻപ് തന്നെ അറിയിച്ചിരുന്നു. എന്നാൽ, ഏപ്രിൽ ഒന്നിന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഇ.ഡിയുടെ വിശദീകരണം. എന്നാൽ, യാത്ര തടഞ്ഞതിനുശേഷം മാത്രമാണ് ഇ.ഡി സമൻസ് നൽകിയതെന്ന് റാണാ അയ്യൂബ് ആരോപിച്ചു.

ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി റാണ അയ്യൂബിനെതിരെ അന്വേഷണം തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ, സന്നദ്ധസേവന പ്രവർത്തനങ്ങൾക്കായി സമാഹരിച്ച പണം വകമാറ്റൽ തുടങ്ങിയ നിയമലംഘനങ്ങളെത്തുടർന്ന് ഇ.ഡി റാണാ അയ്യൂബിന്റെ 1.77 കോടി രൂപ തടഞ്ഞുവച്ചിരുന്നു. റാണാ അയ്യൂബിന്റെയും കുടുംബത്തിന്റെയും പേരിൽ ബാങ്കിലുണ്ടായിരുന്ന സ്ഥിരനിക്ഷേപമാണ് ഇ.ഡി മരവിപ്പിച്ചത്. സെപ്റ്റംബറിൽ ഉത്തർപ്രദേശ് ഗാസിയാബാദ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു.

Summary: Delhi High Court allows Rana Ayyub to travel abroad

TAGS :

Next Story