Quantcast

ഒമര്‍ അബ്ദുല്ലയുടെ വിവാഹമോചനാവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതിയും

ഒമറിന്‍റെ ഹരജി തള്ളിയ ബെഞ്ച്, അദ്ദേഹത്തിന് വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ച കുടുംബകോടതി ഉത്തരവിൽ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Updated:

    2023-12-12 08:35:52.0

Published:

12 Dec 2023 8:33 AM GMT

omar abdullah payal abdullah
X

ഒമര്‍ അബ്ദുല്ല/പായല്‍

ഡല്‍ഹി: വിവാഹമോചനം ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ലയുടെ ഹരജി ഡല്‍ഹി ഹൈക്കോടതിയും തള്ളി. ഭാര്യ പായല്‍ അബ്ദുല്ലയില്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് അദ്ദേഹം നല്‍കിയ അപേക്ഷ 2016 ആഗസ്ത് 30ന് കുടുംബ കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്ത് ഒമര്‍ അബ്ദുല്ല സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് സഞ്ജീവ് സച്ച്ദേവ, ജസ്റ്റിസ് വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.

ഒമറിന്‍റെ ഹരജി തള്ളിയ ബെഞ്ച്, അദ്ദേഹത്തിന് വിവാഹമോചനം അനുവദിക്കാൻ വിസമ്മതിച്ച കുടുംബകോടതി ഉത്തരവിൽ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടി.പായലിനെതിരെയുള്ള ഒമറിന്‍റെ ആരോപണങ്ങള്‍ അവ്യക്തമാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു. ഭാര്യയുടെ ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും ഒരു ക്രൂരത തെളിയിക്കുന്നതില്‍ ഒമര്‍ പരാജയപ്പെട്ടുവെന്നും കോടതി വ്യക്തമാക്കി. പായൽ അബ്ദുല്ലയുമായുള്ള ദാമ്പത്യം വീണ്ടെടുക്കാനാകാത്ത വിധം തകർന്നുവെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ച കുടുംബ കോടതി അദ്ദേഹത്തിന് വിവാഹമോചനം അനുവദിക്കാൻ വിസമ്മതിക്കുകയായിരുന്നു. പായലിന് പ്രതിമാസം 1,50,000 രൂപ നല്‍കാന്‍ സെപ്തംബറില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.

പായലിനും രണ്ട് ആണ്‍മക്കള്‍ക്കും മാന്യമായി ജീവിത നിലവാരം നല്‍കാനുള്ള സാമ്പത്തികശേഷിയുണ്ടെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഒമറിന്‍റെ ജീവിത നിലവാരം കൂടി കണക്കിലെടുത്തായിരുന്നു ഉത്തരവ്. മക്കളുടെ വിദ്യാഭ്യാസത്തിന് 60,000 രൂപ നല്‍കാനും കോടതി നിര്‍ദേശിച്ചു. തന്‍റെ ദാമ്പത്യം തിരിച്ചുപിടിക്കാനാകാത്തവിധം തകർന്നുവെന്നും 2007 മുതൽ താൻ ദാമ്പത്യബന്ധം ആസ്വദിച്ചിട്ടില്ലെന്നും ഒമര്‍ പറയുന്നു. 1994 സെപ്തംബര്‍ 1നാണ് ഒമറും പായലും വിവാഹിതരായത്. 2009 മുതല്‍ അവര്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ട് ആണ്‍മക്കളാണ് ദമ്പതികള്‍ക്ക്.

TAGS :

Next Story