അശ്ലീല വീഡിയോ കോളിൽ നഗ്നനായി; ക്ഷേത്ര പൂജാരിക്ക് നഷ്ടമായത് അര ലക്ഷം
പണം നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുകയും ആറ് വർഷത്തേക്ക് ജയിലിൽ അടയ്ക്കുകയും ചെയ്യുമെന്ന് അയാൾ ഭീഷണിപ്പെടുത്തി.
ന്യൂഡൽഹി: അശ്ലീല വീഡിയോ കോളിലെത്തി ആളുകളെ നഗ്നരാവാൻ പ്രലോഭിപ്പിക്കുകയും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ബ്ലാക്ക്മെയിലിങ്ങിലൂടെ പണം തട്ടുകയും ചെയ്യുന്ന സംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. ഇപ്പോൾ, ഡൽഹിയിലെ ഒരു ക്ഷേത്ര പൂജാരിയാണ് അത്തരത്തിൽ തട്ടിപ്പിനിരയായിരിക്കുന്നത്. സെൻട്രൽ ഡൽഹി സ്വദേശിയായ 44കാരനാണ് തട്ടിപ്പിന് ഇരയായത്.
വർഷങ്ങളായി ഇവിടുത്തെ ഒരു ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഇദ്ദേഹം ഇക്കാര്യം സൈബർ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. "ഒരു നഗ്നയായ പെൺകുട്ടിയിൽ നിന്ന് എനിക്കൊരു വീഡിയോ കോൾ വന്നു. അവർ എന്നെ വസ്ത്രം അഴിക്കാൻ പ്രേരിപ്പിച്ചു. ഞാനത് ചെയ്തു. താമസിയാതെ, എന്റെ തെറ്റ് മനസിലാക്കി ഞാൻ കോൾ കട്ടാക്കി"- അദ്ദേഹം പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു.
എന്നാൽ അവർ ആ വീഡിയോ കോൾ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും പൂജാരിയുടെ വാട്ട്സ്ആപ്പിലേക്ക് അയയ്ക്കുകയും ചെയ്തു. വീഡിയോ പരസ്യമാക്കാതിരിക്കാൻ പണം ആവശ്യപ്പെടുകയും ചെയ്തെന്ന് പൊലീസ് അറിയിച്ചു. രണ്ടാഴ്ചയുടെ പരിചയവും അടുപ്പവുമാണ് വിളിച്ചയാളുമായി തനിക്കുണ്ടായിരുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു.
ലഖ്‌നൗവിൽ നിന്നുള്ള പെൺകുട്ടിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാരൻ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചത്. തുടർന്ന് സൗഹൃദത്തിലാവുകയായിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം അതേ നമ്പറിൽ നിന്ന് ഒരു വീഡിയോ കോൾ വന്നു. അവർ പൂജാരിയോട് വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുകയും അദ്ദേഹം അത് ചെയ്യുകയുമായിരുന്നു.
"എന്നാൽ വീഡിയോ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് തോന്നിയതിനാൽ താൻ കോൾ കട്ടാക്കുകയും നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു" പൂജാരി പറഞ്ഞു. എന്നാൽ, വിളിച്ചയാൾ പൂജാരിയുടെ വീഡിയോ പകർത്തുകയും മറ്റൊരു നമ്പറിൽ നിന്ന് വാട്ട്സ്ആപ്പ് ചെയ്യുകയും പണം ആവശ്യപ്പെടുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
"ഞാൻ ആ നമ്പറും ബ്ലോക്ക് ചെയ്തു. എന്നാൽ അടുത്ത ദിവസം എനിക്ക് മറ്റൊരു വീഡിയോ കോൾ വന്നു. അതിൽ പൊലീസ് യൂണിഫോമിലുള്ള ഒരാൾ എന്റെ വീഡിയോ ഫേസ്ബുക്കിലും യൂട്യൂബിലും കണ്ടുവെന്ന് പറഞ്ഞു. അയാൾ എനിക്ക് ഒരു മൊബൈൽ നമ്പർ നൽകിയിട്ട്, സോഷ്യൽ മീഡിയയിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്യാൻ ആ വ്യക്തി തന്നെ സഹായിക്കുമെന്നും വിളിച്ചോളൂ എന്നും പറഞ്ഞു"- പരാതിയിൽ പറഞ്ഞു.
"ഞാൻ അയാളുമായി സംസാരിക്കുകയും തനിക്ക് നൽകിയ അക്കൗണ്ട് നമ്പരിലേക്ക് 49000 രൂപ അയയ്ക്കുകയും ചെയ്തു. എന്നാൽ പൊലീസ് വേഷത്തിലുള്ളയാൾ പിന്നീട് വീണ്ടും വിളിക്കുകയും ഒരു വീഡിയോ ഡിലീറ്റ് ചെയ്തെന്നും രണ്ടെണ്ണം കൂടി സോഷ്യൽമീഡിയയിൽ കിടപ്പുണ്ടെന്നും അത് ഡിലീറ്റ് ചെയ്യാൻ ഒരു ലക്ഷം രൂപ കൂടി വേണമെന്നും ആവശ്യപ്പെട്ടു".
"പണം നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുകയും ആറ് വർഷത്തേക്ക് ജയിലിൽ അടയ്ക്കുകയും ചെയ്യുമെന്ന് അയാൾ ഭീഷണിപ്പെടുത്തി. അക്ഷരാർഥത്തിൽ എന്റെ കൈയിൽ അടയ്ക്കാൻ പണമില്ലായിരുന്നു. അതിനാൽ ഞാൻ സൈബർ പൊലീസിൽ വിവരം അറിയിച്ചു"- വൈദികൻ പറഞ്ഞു. സംഭവത്തിൽ സെൻട്രൽ ഡൽഹിയിലെ സൈബർ സെല്ലിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഇത്തരം തട്ടിപ്പുകൾ വർധിച്ചുവരുന്നുണ്ടെന്നും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. "ഇത്തരം സൈബർ കുറ്റകൃത്യങ്ങളിൽ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടില്ല. തട്ടിപ്പുകാർ റെക്കോർഡ് ചെയ്ത വീഡിയോ പ്ലേ ചെയ്യുകയും ആളുകളെ കബളിപ്പിച്ച് പണം തട്ടുകയുമാണ് ചെയ്യുന്നത്"- അദ്ദേഹം പറഞ്ഞു.
"ആളുകൾ ആ വീഡിയോ കാണുകയും മറുവശത്തുള്ളയാൾ ആ വ്യക്തിയുടെ പ്രവൃത്തികൾ റെക്കോർഡ് ചെയ്യുകയും പിന്നീടത് ചില അശ്ലീല വീഡിയോ ഉപയോഗിച്ച് മോർഫ് ചെയ്യുകയും അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്"- അദ്ദേഹം വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിൽ, പൂജാരി പണം കൈമാറിയ അക്കൗണ്ട് അൽവാറിൽ നിന്നുള്ള അടാർ സിങ് എന്നയാളുടെ പേരിലാണെന്നും 15 ദിവസത്തിനുള്ളിൽ ഈ അക്കൗണ്ടിൽ 5.5 ലക്ഷത്തോളം രൂപ നിക്ഷേപിക്കപ്പെട്ടിട്ടുള്ളതായും കണ്ടെത്തി. ഇതിലൂടെ പൂജാരി മാത്രമല്ല, മറ്റു പലരും സമാനമായ രീതിയിൽ ചതിക്കപ്പെട്ടിട്ടുള്ളതായും മനസിലായി.
"വാട്ട്‌സ്ആപ്പിൽ വരുന്ന അജ്ഞാത വീഡിയോ കോളുകളൊന്നും സ്വീകരിക്കരുതെന്ന് ഞങ്ങൾ ആളുകളോട് അഭ്യർഥിക്കുന്നു. നിങ്ങൾക്ക് അബദ്ധവശാൽ അങ്ങനെ കോൾ വന്നാൽ പോലും, പണം തട്ടിയെടുക്കാനുള്ള അത്തരം ഭീഷണികളിൽ വീഴരുത്. വിഷയം ഉടൻ സൈബർ പൊലീസിൽ അറിയിക്കുക"- ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Adjust Story Font
16