ഡൽഹി ശ്രദ്ധ കൊലക്കേസ്: പ്രതിയുടെ നാർക്കോ പരിശോധന ഇന്ന്
കണ്ടെത്തിയ അസ്ഥികൾ കൊല്ലപ്പെട്ട ശ്രദ്ധയുടേതാണോ എന്നറിയാൻ ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും.
ഡൽഹിയിൽ ശ്രദ്ധയെന്ന യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയ കേസിൽ പ്രതിയുടെ നാർക്കോ പരിശോധന ഇന്ന്. രോഹിണി ഫോറൻസിക് സയൻസ് ലാബിലാണ് പ്രതി അഫ്താബിനെ നാർക്കോ അനാലിസിസിന് വിധേയമാക്കുക.
മെഹ്റോളി വനമേഖലയിൽ ഇന്നലെ നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ട യുവതിയുടേതെന്ന് സംശയിക്കുന്ന കൂടുതൽ അസ്ഥികൾ കണ്ടെത്തി. താടിയെല്ല് ഉൾപ്പടെയുള്ള ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയ 17 ശരീരഭാഗങ്ങളിൽ തല ഉൾപ്പെടുന്ന ഭാഗം ലഭിച്ചിരുന്നില്ല.
കണ്ടെത്തിയ അസ്ഥികൾ കൊല്ലപ്പെട്ട ശ്രദ്ധയുടേതാണോ എന്നറിയാൻ ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും. അതേസമയം 12 സംഘങ്ങളായി ഡൽഹി പൊലീസ് കേസ് അന്വേഷണം തുടരുകയാണ്. ഹിമാചൽ പ്രദേശിൽ അഫ്താബും ശ്രദ്ധയും ഒരുമിച്ച് സന്ദർശിച്ച ഇടങ്ങളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
മെയ് 18 നാണ് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിലയിരുത്തല്‍. പിന്നീട് ശ്രദ്ധയുടെ ശരീരം 35 കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. ശരീര ഭാഗങ്ങള്‍ സൂക്ഷിക്കാനായി പ്രത്യേകം ഒരു ഫ്രിഡ്ജ് വാങ്ങിയിരുന്നു. ഓരോ ദിവസവും പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞാണ് ശരീരഭാഗങ്ങള്‍ ഉപേക്ഷിക്കാന്‍ അഫ്താബ് ഫ്ലാറ്റ് വിട്ട് ഇറങ്ങിയിരുന്നത് എന്നാണ് നിഗമനം.
Adjust Story Font
16