Quantcast

ഡൽഹിയിൽ ദമ്പതികളും മകളും കൊല്ലപ്പെട്ടതിൽ വഴിത്തിരിവ്; അരുംകൊലക്ക് പിന്നിൽ മകൻ തന്നെ

നിരന്തരം അവഗണിച്ചതിലുള്ള വൈരാഗ്യമാണ് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ കാരണമെന്ന് പിടിയിലായ അർജുൻ തൻവർ (20) പൊലീസിനോട് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    7 Dec 2024 10:43 AM GMT

Delhi Triple murder case accused arrested
X

ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ ദേവ്ജി വില്ലേജിൽ ഒരു കുടുംബത്തിലെ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. കൊല്ലപ്പെട്ട ദമ്പതികളുടെ മകൻ തന്നെയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. നിരന്തരം അവഗണിച്ചതിലുള്ള വൈരാഗ്യമാണ് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്താൻ കാരണമെന്ന് പിടിയിലായ അർജുൻ തൻവർ (20) പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നേബ്‌സരായ് ദേവ്‌ലി വില്ലേജിലെ വീട്ടിൽ വിമുക്തഭടനായ രാജേഷ്‌കുമാർ (51), ഭാര്യ കോമൾ (46), മകൾ കവിത (23) എന്നിവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

അർജുൻ തന്നെയാണ് മാതാപിതാക്കളും സഹോദരിയും കൊല്ലപ്പെട്ടെന്ന് പൊലീസിനെ വിളിച്ചറിയിച്ചത്. ജിമ്മിൽ പോയി മടങ്ങിവന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലാണ് കുടുംബാംഗങ്ങളെ കണ്ടതെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. അമ്മയുടെ സഹോദരൻ അടക്കമുള്ള ബന്ധുക്കളെയും വിവരമറിയിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പൊലീസ് നായയെ കൊണ്ടുവരികയും ചെയ്‌തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്താനായില്ല.

അയൽവാസികളുടെ മൊഴിയെടുത്തതിൽനിന്ന് കുടുംബത്തിന് വ്യക്തിപരമായി ആരോടും ശത്രുതയില്ലെന്ന് മനസ്സിലായി. വീട്ടിൽ അതിക്രമിച്ചു കയറിയതിന്റെയോ മോഷണം നടന്നതിന്റെയോ ലക്ഷണങ്ങളുമില്ലായിരുന്നു. ഇതോടെ സംശയമുന്ന അർജുനിലേക്ക് നീണ്ടു. പരസ്പരവിരുദ്ധമായ മൊഴികളിൽ സംശയം തോന്നിയ പൊലീസ് ഇയാളെ പലതവണ ചോദ്യം ചെയ്തു. തുടർച്ചയായ ചോദ്യം ചെയ്യലിൽ അർജുൻ കുറ്റം സമ്മതിക്കുകയായിരുന്നു.

മാതാപിതാക്കളുടെ 25-ാം വിവാഹ വാർഷികദിനമാണ് കൊലപാതകത്തിന് അർജുൻ തിരഞ്ഞെടുത്തത്. അച്ഛന്റെ ആർമി നൈഫ് (കഠാര) ഉപയോഗിച്ച് താഴത്തെ മുറിയിൽ ഉറങ്ങുകയായിരുന്ന സഹോദരിയെയാണ് ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് മുകൾനിലയിൽ മാതാപിതാക്കളുടെ മുറിയിലെത്തി. ഉറങ്ങിക്കിടന്ന അച്ഛന്റെ കഴുത്തറുത്ത ശേഷം ശുചിമുറിയിലായിരുന്ന അമ്മയെയും വകവരുത്തി. കൃത്യം നടത്തിയ ശേഷം സംശയം തോന്നാതിരിക്കാൻ അയൽക്കാരുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ പ്രഭാത സവാരിക്കിറങ്ങുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങൾ ബാഗിലിട്ട് സഞ്ജയ് വനിൽ ഉപേക്ഷിച്ചു. വീട്ടിലെത്തി ശുചിമുറിയിലേയും മറ്റും രക്തക്കറ കഴുകിത്തുടച്ച ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്.

വീട്ടിൽ തന്നെ നിരന്തരം അവഗണിച്ചതും സഹോദരിയോട് കൂടുതൽ സ്‌നേഹം കാണിച്ചതുമാണ് അരുംകൊലയിലേക്ക് നയിച്ചത് എന്നാണ് അർജുൻ പൊലീസിനോട് പറഞ്ഞത്. വീട്ടുജോലികൾ ചെയ്യാത്തതിനും പഠനത്തിന്റെ കാര്യത്തിലും മാതാപിതാക്കൾ അർജുനെ ശാസിച്ചിരുന്നു. ബോക്‌സിങ് താരമാകണമെന്ന ആഗ്രഹത്തിനും കുടുംബം എതിരായിരുന്നു. ബോക്‌സിങ്ങിൽ സംസ്ഥാന ചാംപ്യനായിട്ടും വീട്ടുകാർ അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്തില്ല. പഠനത്തിൽ മികവ് പുലർത്തിയ സഹോദരിയെ മാതാപിതാക്കൾ എപ്പോഴും പുകഴ്ത്തിയിരുന്നു. അതിനിടെ വീടും സ്വത്തും സഹോദരിയുടെ പേരിൽ എഴുതിവെച്ചത് അറിഞ്ഞതോടെയാണ് കൊല നടത്താൻ തീരുമാനിച്ചതെന്ന് അർജുൻ പൊലീസിനോട് പറഞ്ഞു.

കോടതിയിൽ ഹാജരാക്കിയ അർജുൻ തൻവാറിനെ മൂന്നുദിവസം പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. രക്തം പുരണ്ട വസ്ത്രങ്ങൾ സഞ്ജയ് വനിലെ കാട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. കൊല നടത്താൻ ഉപയോഗിച്ച കത്തി വീട്ടിൽനിന്ന് തന്നെയാണ് കണ്ടെത്തിയത്. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി കണ്ടെത്താനായിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

കൊലനടത്താനുള്ള വ്യത്യസ്ത വഴികൾ സംബന്ധിച്ച് പുസ്തകങ്ങളും സിനിമകളും അർജുൻ സർച്ച് ചെയ്തതായി ബ്രോസിങ് ഹിസ്റ്ററിയിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കഴുത്തറുത്ത് കൊലപ്പെടുത്തുന്നതിനെ കുറിച്ചും വിഷബാധയേൽപ്പിക്കുന്നതിനെ കുറിച്ചും അർജുൻ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ അർജുൻ നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന ആളുകളെ കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഏതാനും ദിവസം മുമ്പ് പിതാവ് പുറത്തുള്ള ആളുകളുടെ മുന്നിൽവെച്ച് അടിച്ചത് അർജുനെ കൂടുതൽ പ്രകോപിതനാക്കിയെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story