ഡല്‍ഹി സര്‍വകലാശാല സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ നീക്കം; പ്രതിഷേധവുമായി അധ്യാപക സംഘടന
സ്ത്രീ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്ന മനുസ്മൃതി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ക്കു വിരുദ്ധമാണെന്ന് ഡി.യു അധ്യാപക കൂട്ടായ്മ വി.സിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: നിയമ ബിരുദ കോഴ്‌സില്‍ മനുസ്മൃതി ഉള്‍പ്പെടുത്താന്‍ നീക്കവുമായി ഡല്‍ഹി സര്‍വകലാശാല(ഡി.യു). ബിരുദ പാഠ്യപദ്ധതിയിലാണ് മനുസ്മൃതി ഉള്‍പ്പെടുത്താന്‍ സര്‍വകലാശാലാ അധികൃതര്‍ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. നീക്കത്തിനെതിരെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തിയിട്ടുണ്ട്.
മനുസ്മൃതി ആധാരമായുള്ള രണ്ടു പാഠഭാഗങ്ങള്‍ പുതിയ സിലബസില്‍ ചേര്‍ക്കാനാണു നിര്‍ദേശമുള്ളത്. നാളെ നടക്കുന്ന സര്‍വകലാശാല അക്കാദമിക കൗണ്‍സിലില്‍ ഇതു ചര്‍ച്ചയ്ക്കു വരും. കൗണ്‍സില്‍ അംഗീകരിച്ചാല്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്കു മനുസ്മൃതിയും പഠിക്കാനുണ്ടാകും.
മേദാതിഥിയുടെ വ്യാഖ്യാനം ചേര്‍ത്ത് ജി.എന്‍ ഝാ തയാറാക്കിയ മനുസ്മൃതി, ടി. കൃഷ്ണസ്വാമി അയ്യരുടെ 'സ്മൃതിചന്ദ്രിക: മനുസ്മൃതി വ്യാഖ്യാനം' എന്നിവയാണ് എല്‍.എല്‍.ബി സിലബസില്‍ ഉള്‍പ്പെടുത്താനിരിക്കുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ കാഴ്ചപ്പാടുകളും പാഠ്യപദ്ധതിയില്‍ പരിചയപ്പെടുത്തണമെന്ന 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇവ സിലബസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സര്‍വകലാശാല നിയമ വകുപ്പ് ഡീന്‍ പ്രൊഫസര്‍ അഞ്ജു വാലി ടികൂ 'ഇന്ത്യന്‍ എക്‌സ്പ്രസി'നോട് പ്രതികരിച്ചത്. കുട്ടികളുടെ വിശകലനശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടെന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ ജൂണ്‍ 24നു ചേര്‍ന്ന നിയമവകുപ്പ് അധ്യാപകരുടെ യോഗത്തിലാണ് ആദ്യമായി നിര്‍ദേശം വന്നത്. നിര്‍ദേശം യോഗം ഐക്യകണ്ഠമായി അംഗീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അക്കാദമിക കൗണ്‍സിലിന്റെ അംഗീകാരത്തിനായി ഇതു വിട്ടിരിക്കുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ നീക്കത്തില്‍നിന്നു പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഡി.യു അധ്യാപകരുടെ കൂട്ടായ്മയായ സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട്(എസ്.ഡി.ടി.എഫ്) വൈസ് ചാന്‍സലര്‍ യോഗേഷ് സിങ്ങിനു കത്തെഴുതിയിട്ടുണ്ട്. മനുസ്മൃതി സിലബസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും സ്ത്രീകളുടെയും പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെയും വിദ്യാഭ്യാസത്തെയും പുരോഗതിയെയും എതിര്‍ക്കുന്ന കൃതിയാണിതെന്നു കത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്തെ ജനസംഖ്യയുടെ 85 ശതമാനം പാര്‍ശ്വവല്‍കൃതരും 50 ശതമാനം സ്ത്രീകളുമാണ്. പുരോഗമന വിദ്യാഭ്യാസത്തിലൂടെയും പാഠ്യപദ്ധതിയിലൂടെയുമാണ് അവരുടെ ഉന്നമനം സാധ്യമാകുക. അല്ലാതെ പിന്തിരിപ്പന്‍ വിദ്യാഭ്യാസത്തിലൂടെയല്ല. മനുസ്മൃതിയില്‍ നിരവധി ഭാഗങ്ങളില്‍ സ്ത്രീ വിദ്യാഭ്യാസത്തെയും സ്ത്രീകളുടെ തുല്യാവകാശങ്ങളെയും എതിര്‍ക്കുന്നുണ്ട്. മനുസ്മൃതിയുടെ ഏതു ഭാഗവും സിലബസില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നമ്മുടെ ഭരണഘടനയുടെയും ഭരണഘടനാ തത്വങ്ങളുടെയും അടിസ്ഥാനഘടനയ്ക്കു തന്നെ വിരുദ്ധമാണെന്നും കൂട്ടായ്മ കത്തില്‍ ആരോപിച്ചു.
Summary: Delhi University considers adding Manusmriti to undergraduate law syllabus
Adjust Story Font
16