ആദ്യം ഇഖ്ബാൽ പുറത്ത്; ഇപ്പോൾ ഗാന്ധിക്കു പകരം സവർക്കർ-പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി ഡൽഹി സർവകലാശാല
ഡി.യുവിലെ ബി.എ പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിലാണ് മഹാത്മാ ഗാന്ധിക്കു പകരം ഹിന്ദുത്വ ആചാര്യൻ വി.ഡി സവർക്കറെ ചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്
ന്യൂഡൽഹി: 'സാരെ ജഹാൻ സെ അച്ഛാ' എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗങ്ങൾ പാഠ്യപദ്ധതിയിൽനിന്ന് നീക്കാൻ കഴിഞ്ഞ ദിവസം ഡൽഹി സർവകലാശാല(ഡി.യു) തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ സംഘ്പരിവാർ ആചാര്യൻ വി.ഡി സവർക്കറെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് സർവകലാശാല.
ബി.എ പൊളിറ്റിക്കൽ സയൻസ്(ഹോണേഴ്‌സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച് പുതിയ പാഠഭാഗം ചേർക്കാൻ ഡി.യു അക്കാഡമിക് കൗൺസിൽ തീരുമാനം. അഞ്ചാം സെമസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരമാണ് സവർക്കറിനെ ഉൾപ്പെടുത്തുന്നത്. പകരം, ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗം ഏഴാം സെമസ്റ്ററിലേക്കും മാറ്റിയിട്ടുണ്ട്. ഇതോടെ നാല് വർഷത്തിനു പകരം മൂന്നു വർഷത്തെ ബിരുദ കോഴ്‌സിൽ ചേർന്നവർക്ക് ഗാന്ധിയെക്കുറിച്ച് പഠിക്കാനുണ്ടാകില്ല.
കഴിഞ്ഞ ദിവസം ചേർന്ന അക്കാദമിക് കൗൺസിലിലാണ് സവർക്കറിനെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ പ്രമേയം പാസാക്കിയത്. തീരുമാനത്തെ ഒരു വിഭാഗം അധ്യാപകർ എതിർത്തു. പാഠ്യപദ്ധതി കാവിവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ഇവർ ചൂണ്ടിക്കാട്ടി. സർവകലാശാലാ നിർവാഹക സമിതിയാകും ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കുക.
ബി.എ പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽ നേരത്തെ അഞ്ചാം സെമസ്റ്ററിൽ ഗാന്ധിയെക്കുറിച്ചും ആറാം സെമസ്റ്ററിൽ അംബേദ്ക്കറെക്കുറിച്ചുമുള്ള പേപ്പറുകളുണ്ടായിരുന്നുവെന്ന് ഡി.യു അക്കാദമിക് കൗൺസിൽ അംഗമായ അലോക് പാണ്ഡെ പറഞ്ഞു. ഇതിലേക്കാണ് സവർക്കറെക്കുറിച്ചുള്ള പേപ്പർകൂടി ചേർത്തിരിക്കുന്നത്. ഗാന്ധിയെ മാറ്റിയാണ് സവർക്കറെ ചേർത്തിരിക്കുന്നതെന്നാണ് വിഷയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ, ബി.എ പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽനിന്നു തന്നെയാണ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയത്. ആറാം സെമസ്റ്ററിലെ 'ഇന്ത്യൻ രാഷ്ട്രീയ ചിന്ത' എന്ന പേരിലുള്ള പാഠഭാഗത്തിലാണ് ഇഖ്ബാലിനെക്കുറിച്ചും പഠിക്കാനുണ്ടായിരുന്നത്. ഇന്ത്യയുടെ വിഭജനത്തിന്റെ അടിത്തറ പാകിയവർ പാഠ്യപദ്ധതിയിലുണ്ടാകരുതെന്നാണ് നടപടിക്കു വിശദീകരണമായി ഡി.യു വൈസ് ചാൻസലർ പ്രൊഫസർ യോഗേഷ് സിങ് പറഞ്ഞത്.
Summary: The Delhi University(DU) replaces Mahatma Gandhi with VD Savarkar in Political Science syllabus, after removing Poet Muhammad Iqbal
Adjust Story Font
16