ഡൽഹിയിൽ രണ്ട് വനിതാ പൊലീസുകാർ ഒമ്പത് മാസത്തിനിടെ വീട്ടിൽ തിരിച്ചെത്തിച്ചത് കാണാതായ 104 കുട്ടികളെ
ഹെഡ് കോൺസ്റ്റബിൾമാരായ സീമാ ദേവിയും സുമൻ ഹൂഡയുമാണ് കുട്ടികളെ കണ്ടെത്തിയത്.
ന്യൂഡൽഹി: ഹെഡ് കോൺസ്റ്റബിൾമാരായ സീമാ ദേവിയും സുമൻ ഹൂഡയുമാണ് ഇപ്പോൾ ഡൽഹി പൊലീസിലെ താരങ്ങൾ. ഒമ്പത് മാസത്തിനിടെ കാണാതായ 104 കുട്ടികളെയാണ് ഇവർ കുടുംബത്തിൽ തിരിച്ചെത്തിച്ചത്. ഹരിയാന, ബിഹാർ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾനാടുകളിൽനിന്നാണ് ഇവർ കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ തേടിയുള്ള യാത്രയിൽ നിരവധി വെല്ലുവിളികളാണ് ഇവർക്ക് നേരിടേണ്ടിവന്നത്. കുടുംബത്തിന്റെ കയ്യിൽ കുട്ടികളുടെ അടുത്തകാലത്തെടുത്ത ഫോട്ടോകൾ ഉണ്ടായിരുന്നില്ല. ഭാഷയും വലിയ തടസ്സമായിരുന്നു. അപരിചിതമായ പ്രദേശങ്ങളിൽ അലഞ്ഞ് എല്ലാ പ്രതിസന്ധികളും മറകടന്നാണ് ഇവർ കുട്ടികളെ തിരിച്ചെത്തിച്ചത്.
ഡൽഹി പൊലീസിലെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിലാണ് സീമാ ദേവിയും സുമൻ ഹൂഡയും പ്രവർത്തിക്കുന്നത്. ഓപ്പറേഷൻ മിലാപ്പിന്റെ ഭാഗമായി മാർച്ച്-നവംബർ മാസങ്ങളിലാണ് കുട്ടികളെ കണ്ടെത്തിയത്. വിദൂരപ്രദേശങ്ങളിലെ ഭൂപ്രകൃതിയും അവിടത്തെ ജനങ്ങളും സ്ഥലവും അപരിചിതമായതും വലിയ വെല്ലുവിളിയായെന്ന് ഇവർ പറയുന്നു. കുടുംബവുമായി ബന്ധപ്പെടാൻ കുട്ടികൾ ഉപയോഗിച്ച ഫോണുകൾ പിന്നീട് സ്വിച്ച് ഓഫ് ആയിരുന്നു. അത്തരം സന്ദർഭങ്ങളിൽ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കുട്ടികളുടെ ലൊക്കേഷൻ കണ്ടെത്തിയത്.
13 വയസുകാരിയായ ഒരു പെൺകുട്ടിയെ ബവാനയിൽനിന്നാണ് കാണാതായത്. വ്യത്യസ്ത ഫോൺ നമ്പറുകളിൽനിന്ന് അവൾ വിളിക്കാറുണ്ടെന്നും സുരക്ഷിതയാണെന്നാണ് അറിയിച്ചതെന്നും ഇളയ സഹോദരനാണ് പൊലീസിനെ അറിയിച്ചത്. അന്വേഷണത്തിൽ നോയിഡയിലെ ജാർച്ചയിൽനിന്ന് പെൺകുട്ടിയെ കണ്ടത്തി. അവിടെ ഒരു വീട്ടിൽ വേലക്കാരിയായി ജോലി ചെയ്യുകയായിരുന്ന അവളെ തങ്ങൾ രക്ഷപ്പെടുത്തിയെന്ന് സീമാ ദേവി പറഞ്ഞു.
പുതിയ സ്ഥലങ്ങളിലെത്തുമ്പോൾ അവിടെയുള്ളവരുടെ വിശ്വാസം നേടിയെടുക്കാനാണ് ആദ്യം ശ്രമിക്കുക. അതിന് സമയമെടുക്കും, അതിന് ശേഷം വീടുകൾ തോറും തിരച്ചിൽ നടത്തും. പല കുട്ടികളുടെയും പഴയ ഫോട്ടോകളായിരുന്നു കുടുംബത്തിന്റെ കയ്യിലുണ്ടായിരുന്നത്. അതുവെച്ച് കുട്ടികളെ കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. രക്ഷപ്പെടുത്തിയ കുട്ടികളിൽ കൂടുതലും 4-17 വയസ്സ് പ്രായമുള്ളവരാണ്.
സുമൻ ഹൂഡ മാർച്ചിലാണ് മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിൽ ചാർജെടുത്തത്. കുട്ടികളെ അവരുടെ കുടുംബത്തിൽ തിരിച്ചെത്തിക്കാനായതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്ന് അവർ പറഞ്ഞു. ''ഞങ്ങൾക്ക് കൃത്യമായ ഡ്യൂട്ടി സമയമുണ്ടായിരുന്നില്ല. കാണാതായ കുട്ടികളെക്കുറിച്ച് എപ്പോഴാണോ വിവരം കിട്ടുന്നത്, അപ്പോൾ ഞങ്ങൾ വീട്ടിൽനിന്ന് ഇറങ്ങും. ദിവങ്ങളോളം ഞാൻ എന്റെ കുട്ടികളെ കാണാതിരുന്നിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ പോകുമ്പോൾ ഗതാഗത സൗകര്യമില്ലാത്തതിനാൽ കിലോമീറ്ററുകളോളം നടക്കേണ്ടി വന്നിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ പ്രദേശവാസികൾ ഞങ്ങളെ സഹായിച്ചിരുന്നു. അതേസമയം പൊലീസിനെ സഹായിക്കുന്നത് ഭാവിയിൽ നിയമപ്രശ്‌നത്തിന് കാരണമാകുമോ എന്ന ഭയവും അവർക്കുണ്ടായിരുന്നു - സുമൻ ഹൂഡ പറഞ്ഞു.
റെയിൽവേ സ്‌റ്റേഷനുകളിലെ ഭിക്ഷക്കാരിൽനിന്നും വഴിയോര കച്ചവടക്കാരിൽനിന്നുമാണ് പ്രധാനമായും കുട്ടികളെക്കുറിച്ച് സൂചന ലഭിച്ചത്. 13-17 വയസ്സ് പ്രായമുള്ള കുട്ടികൾ പ്രധാനമായും അപരിചതരെ പരിചയപ്പെട്ടത് സോഷ്യൽ മീഡിയ വഴിയാണ്. കാമുകനുമായുള്ള ഒളിച്ചോട്ടം, ലഹരി, രക്ഷിതാക്കളുടെ ശ്രദ്ധക്കുറവ്, വിദ്യാഭ്യാസക്കുറവ് തുടങ്ങിയവയാണ് കുട്ടികളെ കാണാതാവാനുള്ള പ്രധാന കാരണമെന്ന് പൊലീസ് പറഞ്ഞു.
ജോലി ആവശ്യാർഥം താൻ ദിവസങ്ങളോളം വീട്ടിൽനിന്ന് വിട്ടുനിൽക്കുമ്പോൾ ഇളയ മകൻ വലിയ വിഷമത്തിലായിരുന്നു. മക്കളുമായി നമുക്ക് നല്ല ബന്ധമുണ്ടാവണം. അവരുമായി ദിവസവും സംസാരിക്കണം. അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുകയും സന്തോഷത്തിൽ കൂടെനിൽക്കുകയും വേണം. കുട്ടികളെ നഷ്ടപ്പെടാതിരിക്കാൻ ഇതെല്ലാം അനിവാര്യമാണെന്ന് ഹൂഡ പറഞ്ഞു.
Adjust Story Font
16