Quantcast

'ബീഫ് സൂക്ഷിച്ച വീടുകളാണ് തകര്‍ത്തത്; മറ്റുള്ളവ തല്‍ക്കാലം തൊട്ടിട്ടില്ല'-മധ്യപ്രദേശ് ബുള്‍ഡോസര്‍ നടപടിയില്‍ പൊലീസ്

ഏതെങ്കിലും വീടുകള്‍ പ്രത്യേകമായി ലക്ഷ്യംവച്ച് നടപടിയുണ്ടായിട്ടില്ലെന്ന് മാണ്ഡ്ല ജില്ലാ കലക്ടര്‍

MediaOne Logo

Web Desk

  • Updated:

    2024-06-19 14:12:01.0

Published:

19 Jun 2024 2:09 PM GMT

‘We demolished homes where beef was found’: Madhya Pradesh Police in Nainpur Bainswahi bulldozing actions, Madhya Pradesh bulldozer raj, Bainswahi home demolition, Bainswahi bulldozer raj
X

ഭോപ്പാല്‍: മധ്യപ്രദേശിലെ ബുള്‍ഡോസര്‍ നടപടികളില്‍ വിവാദ പരാമര്‍ശങ്ങളുമായി പൊലീസ്. ബീഫ് സൂക്ഷിച്ച വീടുകള്‍ മാത്രമാണ് തകര്‍ത്തതെന്നും ബാക്കിയുള്ളവ ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സംഭവം നടന്ന നൈന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഇന്ദര്‍ ബല്‍ദേവ് പ്രതികരിച്ചത്. പശുക്കടത്തുകാര്‍ക്കെതിരെയുള്ള നടപടിയാണ് ഇപ്പോള്‍ തുടരുന്നതെന്നും പൊലീസ് വാദിച്ചു.

ജൂണ്‍ 15നാണ് മധ്യപ്രദേശിലെമാണ്ഡ്ല ജില്ലയില്‍ നൈന്‍പൂരിലുള്ള ഭൈന്‍സ്വാഹിയില്‍ 11 വീടുകള്‍ ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തത്. പശുക്കടത്തിനെതിരായ നടപടി എന്ന പേരിലായിരുന്നു പൊളിച്ചുനീക്കല്‍. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണു തകര്‍ത്ത വീടുകളെന്നാണ് ഉദ്യോഗസ്ഥര്‍ വാദിച്ചത്. എന്നാല്‍, തൊട്ടടുത്തു തന്നെ അനധികൃതമായി നിര്‍മിച്ച 16 വീടുകളെ ഭരണകൂടം തൊട്ടതുമില്ല.

ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് എസ്.എച്ച്.ഒ ബീഫ് പരാമര്‍ശം നടത്തിയത്. ബീഫ് കണ്ടെത്തിയതുകൊണ്ടാണ് വീടുകള്‍ പൊളിച്ചതെന്നും ബാക്കിയുള്ളവ തല്‍ക്കാലത്തേക്ക് ഒന്നും ചെയ്തിട്ടില്ലെന്നും ഇന്ദര്‍ ബല്‍ദേവ് 'ഇന്ത്യന്‍ എക്‌സ്പ്രസി'നോട് പറഞ്ഞു. ഏതൊക്കെ വീടുകള്‍ തകര്‍ക്കണമെന്നത് ഞങ്ങളുടെ പ്രോട്ടോകോളിന്റെ ഭാഗമല്ല. റവന്യൂ വകുപ്പാണ് അക്കാര്യം തീരുമാനിക്കുന്നത്. പശുക്കടത്തുകാര്‍ക്കെതിരായ നടപടിയാണ് ഞങ്ങള്‍ തുടരുന്നത്. മൃഗങ്ങളുടെ തോലുകള്‍ വാങ്ങിയ ലെതര്‍ കമ്പനികള്‍ക്കും പശു ഇറച്ചി വാങ്ങിയ പ്രദേശത്തെ ആദിവാസികള്‍ക്കുമെതിരെ അന്വേഷണമുണ്ടാകും. കേസിലെ അഞ്ച് പ്രതികള്‍ സ്ഥിരം കുറ്റവാളികളാണെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും എസ്.എച്ച്.ഒ വാദിച്ചു.

ഏതെങ്കിലും വീടുകള്‍ പ്രത്യേകമായി ലക്ഷ്യംവച്ച് നടപടിയുണ്ടായിട്ടില്ലെന്ന് മാണ്ഡ്ല ജില്ലാ കലക്ടര്‍ സലോനി സിദാന ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു. 2022 മുതല്‍ ഈ ഗ്രാമത്തിലെ താമസക്കാര്‍ക്ക് പ്രാദേശിക ഭരണകൂടം നോട്ടിസ് നല്‍കിവരുന്നുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. 2016ല്‍ ഇവിടെ വാറന്റ് നല്‍കാനെത്തിയ പൊലീസുകാരനെ അടിച്ചുകൊന്ന സംഭവമുണ്ടായിട്ടുണ്ട്. കന്നുകാലികള്‍ക്ക് മേയാനായി നിര്‍ണയിച്ച അര്‍ധവനപ്രദേശത്താണ് അനധികൃതമായി വീടുകള്‍ വച്ചിരിക്കുന്നത്. എന്നാല്‍, താമസക്കാരെല്ലാം ഒഴിഞ്ഞുപോയ ശേഷം മാത്രമാണു വീടുകള്‍ പൊളിച്ചുനീക്കിയതെന്നും കലക്ടര്‍ വാദിച്ചു.

ആദിവാസികളും മുസ്‌ലിംകളുമടക്കം 1,100ഓളം താമസക്കാരുണ്ട് ഭൈന്‍സ്വാഹിയില്‍. 80 മുസ്‌ലിം വീടുകള്‍ ഇവിടെയുണ്ടെന്നാണു വിവരം. ജൂണ്‍ 14ന് ഇവിടെ 27 വീടുകളില്‍ റെയ്ഡ് നടന്നു. തുടര്‍ന്നാണ് വന്‍ പൊലീസ് സന്നാഹത്തോടെ എത്തി അധികൃതര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചുനിരപ്പാക്കിയത്. തകര്‍ക്കപ്പെട്ട വീടുകളെല്ലാം ഖുറേഷി വിഭാഗത്തിന്റേതാണ്. സംഭവത്തിനു പിന്നാലെ ഒരാള്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

Summary: ‘We demolished homes where beef was found’: Madhya Pradesh Police in Nainpur Bainswahi bulldozing actions

TAGS :

Next Story