Quantcast

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മഹാരാഷ്ട്ര ബിജെപിയിൽ വിമത ഭീഷണി; സ്വതന്ത്രനായി മത്സരിക്കാൻ മുൻ എംഎൽഎ

ബിജെപി നവി മുംബൈ സിറ്റി ചീഫ് സന്ദീപ് നായികാണ് ടിക്കറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    21 Oct 2024 11:19 AM IST

Maharashtra Assembly
X

മുംബൈ: മഹാരാഷ്ട്രയിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ നവി മുംബൈയിൽ ബിജെപിക്ക് വിമത ഭീഷണി. ബിജെപി നവി മുംബൈ സിറ്റി ചീഫ് സന്ദീപ് നായികാണ് ടിക്കറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

നവിമുംബൈയിൽ കാര്യമായ സ്വാധീനമുള്ള കുടുംബമാണ് സന്ദീപ് നായികിന്റേത്. അച്ഛന്‍ ഗണേഷ് നായികിന് വീണ്ടും സീറ്റ് കൊടുത്തപ്പോള്‍ മകന്‍ സന്ദീപിന് ടിക്കറ്റ് നിഷേധിക്കുകയായിരുന്നു. ഐറോളി സീറ്റിലാണ് ഗണേഷിന് വീണ്ടും അവസരം കൊടുത്തത്. എന്നാല്‍ മുന്‍ എംഎല്‍എ കൂടിയായ സന്ദീപ് നായികിനെ തഴഞ്ഞു. പാർട്ടിക്കായി ആത്മാർഥമായി പണിയെടുക്കുന്നുണ്ടായിരുന്നു സന്ദീപ്. ഇതോടെ ഇടഞ്ഞ സന്ദീപ്, ബേലാപൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ബേലാപൂർ സീറ്റ് കണ്ടിട്ടായിരുന്നു സന്ദീപ് പാർട്ടിക്കായി 'നെട്ടോട്ടമോടിയിരുന്നത്'. എന്നാൽ നിലവിലെ എംഎൽഎ മന്ദ മഹാത്രയ്ക്കാണ് പാർട്ടി വീണ്ടും സീറ്റ് നൽകിയത്. അതേസമയം സന്ദീപിനൊപ്പം അദ്ദേഹത്തിന്റെ അനുയായികളും പാർട്ടി വിടാൻ ഒരുങ്ങുകയാണ്.

സ്വതന്ത്രനായോ അല്ലെങ്കിൽ എൻസിപി ശരദ് പവാർ പക്ഷക്കാരനായോ മത്സരിക്കാനാണ് സന്ദീപിന്റെ പദ്ധതി. മഹാവികാസ് അഘാഡിയുടെ ഭാഗമായ ശരത് പവാർ എൻസിപി സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചാൽ ബിജെപിയിലേക്ക് തന്നെ മടങ്ങാനുള്ള ഓപ്ഷനും അദ്ദേഹത്തിന് മുന്നിലുണ്ടെങ്കിലും തയ്യാറായേക്കില്ല.

ശരത് പവാറിന് പുറമെ ഉദ്ധവ് വിഭാഗം ശിവസേന നേതാക്കളുമായും സന്ദീപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2009ല്‍ ഐറോളി നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് അദ്ദേഹം എംഎല്‍എ ആയത്.

TAGS :

Next Story