Quantcast

'നാണംകെട്ട രാഷ്ട്രീയ പകപോക്കൽ'; ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലിയെ പിന്തുണക്കാത്തതിൽ ബിസിസിഐക്കെതിരെ മമത

ബിജെപി താൽപര്യങ്ങൾക്ക് വഴങ്ങാത്തതുകൊണ്ടാണ് ഗാംഗുലിക്ക് ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമൂഴം നൽകാതിരുന്നതെന്ന് ആരോപണമുയർന്നിരുന്നു.

MediaOne Logo

Web Desk

  • Published:

    20 Oct 2022 12:25 PM GMT

നാണംകെട്ട രാഷ്ട്രീയ പകപോക്കൽ; ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ഗാംഗുലിയെ പിന്തുണക്കാത്തതിൽ ബിസിസിഐക്കെതിരെ മമത
X

കൊൽക്കത്ത: ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേക്ക് സൗരവ് ഗാംഗുലിയെ പിന്തുണക്കാൻ തയ്യാറാവാത്ത ബിസിസിഐ നടപടിക്കെതിരെ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബിസിസിഐ തീരുമാനം നാണംകെട്ട രാഷ്ട്രീയ പകപോക്കലാണെന്ന് മമത ആരോപിച്ചു.

''എന്തുകൊണ്ടാണ് അദ്ദേഹത്തെ ഐസിസിയിലേക്ക് അയക്കാത്തത്? അത് ചിലരുടെ (ബിസിസിഐ) താൽപര്യം സംരക്ഷിക്കാൻ വേണ്ടിയാണ്. ഞാൻ നിരവധി ബിജെപി നേതാക്കളുമായി സംസാരിച്ചു, പക്ഷേ അവർ അദ്ദേഹത്തെ പിന്തുണക്കാൻ തയ്യാറായില്ല. അദ്ദേഹത്തെ മനപ്പൂർവം ഒഴിവാക്കുകയായിരുന്നു. ഇത് നാണംകെട്ട രാഷ്ട്രീയ പകപോക്കലാണ്''-മമത പറഞ്ഞു.

ഗാംഗുലിക്ക് ബിസിസിഐ അധ്യക്ഷസ്ഥാനത്ത് രണ്ടാമൂഴം നൽകാതിരിക്കുകയും അമിത് ഷായുടെ മകൻ ജയ് ഷാക്ക് സെക്രട്ടറി സ്ഥാനത്ത് വീണ്ടും അവസരം നൽകുകയും ചെയ്തത് തന്നെ ഞെട്ടിച്ചെന്ന് മമത തിങ്കളാഴ്ച പറഞ്ഞിരുന്നു. ഗാംഗുലിയെ ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും അവർ പറഞ്ഞിരുന്നു.

ബിജെപി താൽപര്യങ്ങൾക്ക് വഴങ്ങാത്തതുകൊണ്ടാണ് ഗാംഗുലിക്ക് ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമൂഴം നൽകാതിരുന്നതെന്ന് ആരോപണമുയർന്നിരുന്നു. റോജർ ബിന്നിയാണ് ബിസിസിഐയുടെ പുതിയ അധ്യക്ഷൻ. ഐസിസി തലപ്പത്തേക്ക് നിലവിലെ ചെയർമാൻ ന്യൂസിലാൻഡിൽനിന്നുള്ള ഗ്രെഗ് ബാർക്ലേയെ തന്നെ പിന്തുണക്കാനാണ് ബിസിസിഐ തീരുമാനം.

TAGS :

Next Story