ഡൽഹി തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മുൻപ് പരോളിനിറങ്ങി, ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം
2017 അറസ്റ്റിലായ ഗുർമീതിന് പരോൾ ലഭിക്കുന്നത് അധികവും ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സമയങ്ങളിലാണ്

ന്യൂഡൽഹി : ഡൽഹി തെരഞ്ഞെടുപ്പിന് ഒരാഴ്ച്ച മാത്രം ബാക്കിനിൽക്കെ, ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിംഗ് 30 ദിവസത്തിലേക്ക് പരോളിനിറങ്ങി. രണ്ട് ഭക്തരെ പീഡിപ്പിച്ച കേസുകളിൽ 20 വർഷം തടവ് അനുഭവിക്കുന്ന പ്രതിയാണ് ഗുർമീത് സിംഗ്. ശിക്ഷയിൽ കഴിയുന്നതിനിടയിൽ 12-ാം തവണയാണ് പരോൾ ലഭിക്കുന്നത്.
ഹരിയാനയിലെ സിർസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരാധനാ കേന്ദ്രമാണ് ദേരാ സച്ചാ സൗദ. ഫത്തേഹാബാദ്, കുരുക്ഷേത്ര, കൈതാൽ, ഹിസാർ എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളം അനുയായികളുമുണ്ട്. സിർസയിലെ ആശ്രമത്തിന്റെ ആസ്ഥാനത്തേക്കാണ് ഇത്തവണ ഗുർമിത് പോകുന്നത്.
2017 അറസ്റ്റിലായ ഗുർമീതിന് പരോൾ ലഭിക്കുന്നത് അധികവും ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് സമയങ്ങളിലാണ്. 2024ൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് 20 ദിവസം പരോൾ ലഭിച്ചിരുന്നു. 2023 ൽ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലും, 2022ൽ ഹരിയാനയിൽ അധംപുർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും, ഹരിയാനയിലെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലും, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും ഗുർമീതിന് പരോൾ അനുവദിച്ചിരുന്നു. ബിജെപി സ്ഥാനാർത്ഥി ഭവ്യ ബിഷ്‌ണോയി വിജയിച്ച ആദംപൂർ ഉപതെരഞ്ഞെടുപ്പിലും ഗുർമീത് സിംഗ് ഒക്ടോബർ 15 മുതൽ നവംബർ 25 വരെ പരോളിൽ ഉണ്ടായിരുന്നു.
Adjust Story Font
16