Quantcast

പൗരത്വനിയമത്തിന്റെ ഗുണഭോക്താക്കളുടെ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമല്ലെന്ന് ആഭ്യന്തരമന്ത്രാലയം

സിഎഎ പ്രകാരം പൗരത്വം നേടിയവർ, ലഭിച്ച അപേക്ഷകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    11 Oct 2024 4:11 AM GMT

Details on CAA beneficiaries not readily available, says Union Home Ministry
X

ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിന്റെ ഗുണഭോക്താക്കളുടെ പൂർണവിവരങ്ങൾ ലഭ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിലവിൽ ലഭ്യമായ വിവരങ്ങൾ നൽകാമെന്നും 'ദി ഹിന്ദു' നൽകിയ വിവരാവകാശ അപേക്ഷക്ക് മറുപടിയായി മന്ത്രാലയം അറിയിച്ചു. അപേക്ഷകൻ ചോദിക്കുന്ന വിവരങ്ങൾ പൂർണമായും സമാഹരിച്ചു നൽകണമെന്ന് പൗരത്വനിയമത്തിൽ പറയുന്നില്ലെന്നും സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒക്ടോബർ മൂന്നിന് നൽകിയ മറുപടിയിൽ പറയുന്നു.

indiancitizenshiponline.nic.in വെബ്‌സൈറ്റ് വഴി പൗരത്വത്തിനായി ലഭിച്ച ആകെ അപേക്ഷകളുടെ എണ്ണവും പൗരത്വം നൽകിയവരുടെ എണ്ണവുമാണ് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. സിഎഎ പ്രകാരം ലഭിച്ച അപേക്ഷകളുടെ വിവരങ്ങൾ സൂക്ഷിച്ചുവെക്കാൻ നിയമപരമായി നിബന്ധനയില്ലെന്നായിരുന്നു ഏപ്രിൽ 15ന് മറ്റൊരു വിവരാവകാശ അപേക്ഷക്ക് ആഭ്യന്തരമന്ത്രാലയം മറുപടി നൽകിയത്.

2019 ഡിസംബർ 11നാണ് പാർലമെന്റ് പൗരത്വഭേദഗതി നിയമം പാസാക്കിയത്. നാല് വർഷം കഴിഞ്ഞ് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പൗരത്വംനേടുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര പുറത്തിറക്കിയത്. പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന പാഴ്‌സി, ക്രിസ്ത്യൻ സമുദായത്തിൽനിന്ന് 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയവർക്കാണ് പൗരത്വം ലഭിക്കുക.

ലക്ഷക്കണക്കിനാളുകൾ പൗരത്വഭേദഗതി നിയമത്തിന്റെ ഗുണഭോക്താക്കളാവുമെന്നാണ് 2019 ഡിസംബർ 11ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. എന്നാൽ 31,000 പേർ മാത്രമാണ് നിയമത്തിന്റെ അടിയന്തര ഗുണഭോക്താക്കൾ എന്നാണ് ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ പാർലമെന്ററി സമിതിക്ക് മുന്നിൽ പറഞ്ഞത്.

TAGS :

Next Story