Quantcast

ധ്രുവ് റാഠിയുടെ വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അഭിഭാഷകനെതിരെ കേസ്

വോട്ട് ചെയ്യാൻ പോകുംമുൻപ് കാണുക എന്ന അടിക്കുറിപ്പോടെയായിരുന്നു ആദേഷ് വിഡിയോ വസായി ബാർ അസോസിയേഷൻ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    31 May 2024 1:33 PM GMT

Lawyer booked for sharing YouTuber Dhruv Rathee’s video criticising Modi in WhatsApp group in Maharashtra, Lok Sabha 2024, Elections 2024, Adesh Bansode,
X

മുംബൈ: യൂട്യൂബർ ധ്രുവ് റാഠിയുടെ വിഡിയോ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതിന് അഭിഭാഷകനെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവം വിവരിക്കുന്ന വിഡിയോ പങ്കുവച്ചതിനാണ് മഹാരാഷ്ട്രയിൽ അഭിഭാഷകൻ നടപടി നേരിടുന്നത്. പാൽഗഡ് ജില്ലയിലെ വസായിയിൽ ബാർ അസോസിയേഷൻ അംഗമായ ആദേഷ് ബൻസോഡെയ്‌ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ സംസ്ഥാന സെക്രട്ടറി കൂടിയാണ് അദ്ദേഹം.

'ദ നരന്ദ്ര മോദി ഫയൽസ്: എ ഡിക്ടാറ്റർ മെന്റാലിറ്റി?' എന്ന തലക്കെട്ടോടെയുള്ള വിഡിയോ ആണ് ആദേഷ് വസായ് ബാർ അസോസിയേഷൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടത്. മേയ് 20ന് അഞ്ചാംഘട്ട വോട്ടെടുപ്പിനു മുന്നോടിയായി ഗ്രൂപ്പിൽ പങ്കുവച്ച വിഡിയോയുടെ പേരിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വോട്ട് ചെയ്യാൻ പോകുംമുൻപ് കാണുക എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്.

പോസ്റ്റിനെതിരെ അസോസിയേഷൻ അംഗമായ മറ്റൊരു അഭിഭാഷകനാണ് പൊലീസിൽ പരാതി നൽകിയത്. വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അധിക്ഷേപകരമായ വിഡിയോ പങ്കുവച്ചെന്നായിരുന്നു ഇയാൾ ആരോപിച്ചത്. വോട്ടെടുപ്പിന്റെ ഭാഗമായി പൊലീസ് കമ്മിഷണർ മധൂകർ പാണ്ഡെ പുറത്തിറക്കിയ ഉത്തരവുകളുടെയും നിയന്ത്രണങ്ങളുടെയും ലംഘനമാണിതെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ മീര ഭയന്ദർ വസയ് വിരാർ പൊലീസ് ആദേഷിനെതിരെ കേസെടുത്തിരിക്കുകയാണിപ്പോൾ.

തനിക്കെതിരായ പൊലീസിന്റെ എഫ്.ഐ.ആർ നിയമവിരുദ്ധമാണെന്ന് ആദേഷ് ബൻസോഡെ പ്രതികരിച്ചു. ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണിത്. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണു തനിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്റർനെറ്റിൽ കോടിക്കണക്കിനു മനുഷ്യർ കാണുകയും ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്ത വിഡിയോ ആണിത്. ഇവർക്കെതിരെയെല്ലാം പൊലീസ് കേസെടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

Summary: Lawyer booked for sharing YouTuber Dhruv Rathee’s video criticising Modi in WhatsApp group in Maharashtra

TAGS :

Next Story