''സോണിയ ജി, നിങ്ങളിൽ നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല'; വിമർശനവുമായി ഉവൈസി
പ്രത്യയശാസ്ത്ര പോരാട്ടത്തിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നത് ലജ്ജാകരമായ കാര്യമാണെന്നും ഉവൈസി
ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിൽ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറിന് വേണ്ടി പ്രചാരണം നടത്തിയ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ വിമർശനവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഉവൈസി. ഒരുആർഎസ്എസുകാരന് വേണ്ടി സോണിയ ഗാന്ധി പ്രചാരണം നടത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹുബ്ബാലിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഉവൈസി.
'ഇതാണോ നിങ്ങളുടെ മതേതരത്വം? ഇങ്ങനെയാണോ നിങ്ങൾ മോദിക്കെതിരെ പോരാടുക? അദ്ദേഹം ചോദിച്ചു. പ്രത്യയശാസ്ത്ര പോരാട്ടത്തിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നത് ലജ്ജാകരമായ കാര്യമാണെന്നും ഉവൈസി പറഞ്ഞു.
ഹുബ്ബാലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് കോൺഗ്രസ് ജഗദീഷ് ഷെട്ടറിനെ മത്സരിപ്പിക്കുന്നത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായാണ് ജഗദീഷ് മത്സരിച്ച് വിജയിച്ചത്. കഴിഞ്ഞ ദിവസമാണ് ജഗദീഷ് ഷെട്ടാറിന് വേണ്ടി ഹുബ്ബള്ളിയിൽ സോണിയാഗാന്ധി എത്തിയത്.
'ബി.ജെ.പിയുടെ കൊള്ളയുടെയും നുണകളുടെയും അഹങ്കാരത്തിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷത്തിൽ നിന്ന് മുക്തി നേടാതെ കർണാടകക്കോ ഇന്ത്യക്കോ പുരോഗതി കൈവരിക്കാൻ കഴിയില്ല. ഈ ബിജെപിസർക്കാരിന്റെ ഇരുണ്ട ഭരണത്തിനെതിരെ ശബ്ദം ഉയർത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മുൻ കോൺഗ്രസ് അധ്യക്ഷ പറഞ്ഞു.മെയ് 10 നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Adjust Story Font
16