മഞ്ജു വാര്യരെ വിസ്തരിക്കാമെന്ന് സുപ്രിം കോടതി; നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി
നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് തിരിച്ചടി. നടി മഞ്ജു വാര്യരെ വിസ്തരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നേരത്തെ ദിലീപ് ഇതുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലത്തിൽ വീണ്ടും മഞ്ജുവാര്യരെ വിസ്തരിക്കരുതെന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. നടിയെ ആക്രമിച്ച കേസിന്റെ വിസ്താരത്തിൽ ഇപ്പോൾ ഇടപെടുന്നില്ലെന്നാണ് കോടതി പറഞ്ഞത്.
അതോടൊപ്പം സാക്ഷിവിസ്താരവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. വിചാരണാ കാലാവധി നീട്ടുന്നത് പിന്നീട് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഹരജി ഇന്ന് പരിഗണിച്ചത്. മാർച്ച് 24 കേസ് വീണ്ടും പരിഗണിക്കും. ഈ കേസ് പരിഗണിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസ് കോടതിയിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിൽ ആറ് മാസം കൂടി വിചാരണ കാലാവധി നീട്ടി നൽകണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. 41 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിചാരണക്കോടതി ജഡ്ജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു
Adjust Story Font
16