'കൻവാർ തീർഥാടകർക്ക് ആശയക്കുഴപ്പമുണ്ടാകരുത്'; ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്ന് യു.പി പൊലീസ്
മുസ്‍ലിംകൾ തങ്ങളുടെ കടകൾക്ക് ഹിന്ദു ദേവതകളുടെ പേരുകൾ നൽകുന്നതിനെതിരെ മന്ത്രി കപിൽ ദേവ് അഗർവാൾ രംഗത്ത് വന്നിരുന്നു
ആഗ്ര: ഉത്തർപ്രദേശിൽ ജൂലായ് 22-ന് ആരംഭിക്കുന്ന കൻവാർ തീർഥയാത്രക്ക് മുന്നോടിയായി കച്ചവടക്കാർക്ക് കർശന നിർദേശമായി പൊലീസ്. മുസാഫർനഗർ ജില്ലയിലെ മുസ്‍ലിം വ്യാപാരികൾ ഉൾപ്പടെയുള്ള കടയുടമകളും ധാബകളും പഴ വിൽപനക്കാരും ചായക്കടകളും സ്ഥാപനങ്ങൾക്ക് മുന്നിൽ ഉടമസ്ഥരുടെയോ ജീവനക്കാരുടെയോ പേരുകളടങ്ങിയ ബോർഡുകൾ സ്ഥാപിക്കണമെന്നാണ് യു.പി പൊലീസിന്റെ നിർദേശം.
തീർഥാടകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ളൊരു നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. നേരത്തെ മുസാഫർനഗർ എംഎൽഎയും യുപി മന്ത്രിയുമായ കപിൽ ദേവ് അഗർവാൾ മുസ്‍ലിംകൾ തങ്ങളുടെ കടകൾക്ക് ഹിന്ദു ദേവതകളുടെയും ദൈവങ്ങളുടെയും പേരുകൾ നൽകുന്നതിനെതിരെ രംഗത്തുവന്നിരുന്നു. കൻവാർ തീർഥാടന യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഈ മാസം ആദ്യം ചേർന്ന യോഗത്തിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. മുസ്‍ലിംകൾ പ്രദേശത്ത് കച്ചവടം നടത്തുന്നതിനോട് തനിക്ക് എതിർപ്പില്ലെങ്കിലും സംഘർഷം ഒഴിവാക്കാനായി തങ്ങളുടെ കടകൾക്ക് ഹിന്ദു ദൈവങ്ങളുടെയോ ദേവതകളുടെയോ പേരിടരുതെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ നിർദേശപ്രകാരമാണ് ജില്ലാഭരണകൂടം പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
'കൻവാർ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ജില്ലയിൽ 240 കിലോമീറ്ററാണ് തീർഥാടകർ സഞ്ചരിക്കുന്നത്. ഈ വഴികളിലെ എല്ലാ ഭക്ഷണശാലകളും, അത് ഹോട്ടലുകളോ ധാബകളോ വണ്ടികളോ ആകട്ടെ, ഉടമസ്ഥരുടെയോ ജീവനക്കാരുടെയോ പേരുകൾ പ്രദർശിപ്പിക്കണം.'എസ്എസ്പി അഭിഷേക് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
മുസ്‍ലിം വ്യാപാരികൾ തങ്ങളുടെ കടകളിലും ഹോട്ടലുകളിലും പേരുകൾ പ്രദർശിപ്പിക്കണമെന്ന് മുസാഫർനഗറിലെ ബഗ്രയിലെ പുരോഹിതനായ സ്വാമി യശ്വർ മഹാരാജ് കഴിഞ്ഞ വർഷം ആവശ്യപ്പെട്ടിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകൾ നടപ്പാക്കാമെന്ന് മുസാഫർനഗറിലെ ഭക്ഷണശാല ഉടമകൾ സമ്മതിച്ചിട്ടുണ്ട്. ഇതനുസരിച്ച് പല വ്യാപാരികളും അവരുടെ കടകൾക്ക് മുന്നിൽ പേരുകളെഴുതിയ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി.
'ചായ് ലവേഴ്സ് പോയിന്റ്' എന്ന പേര് മാറ്റി 'വഖീൽ സാഹബ് ടീ സ്റ്റാൾ' എന്നാക്കി മാറ്റിയതായി ഖത്തൗലിയിലെ ഒരു ടീ സ്റ്റാൾ ഉടമ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ ഈ പേര് വ്യക്തമല്ലെന്നും വീണ്ടും പേരുമാറ്റണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും അദ്ദേഹം പറയുന്നു. തുടർന്ന് 'വഖീൽ അഹമ്മദ് ടീ സ്റ്റാൾ' എന്ന പേര് കടക്ക് നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.ഒരു കുഴപ്പത്തിലുംപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഭരണകൂടത്തിന്റെ ഉത്തരവുകൾ പാലിക്കുന്നതായി മറ്റൊരു പഴക്കച്ചവടക്കാരൻ പറഞ്ഞു.
ഉത്തരാഖണ്ഡുമായി അതിർത്തി പങ്കിടുന്ന മുസാഫർനഗർ, യുപി, ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ഹരിദ്വാറിലെ ഗംഗയിൽ നിന്ന് പുണ്യജലം ശേഖരിച്ച് മുസാഫർനഗർ ജില്ലയിലൂടെ കടന്നുപോകുന്നത്.
Adjust Story Font
16