'ഇവിടെ വേണ്ട'; യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ മുദ്രാവാക്യത്തെ ചൊല്ലി മഹായുതിയിൽ ഭിന്നത
എൻസിപി അജിത് പവാർ വിഭാഗവും ബിജെപിക്കുള്ളിൽ തന്നെയുള്ള ഒരു വിഭാഗവുമാണ് മുദ്രാവാക്യത്തിനെതിരെ രംഗത്തുള്ളത്
മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവെ ഭരണസഖ്യമായ മഹായുതിയിൽ കല്ലുകടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിദ്വേഷ മുദ്രാവാക്യം. ബത്തേംഗേ തോ കത്തേംഗേ (വിഭജിച്ച് നിന്നാല്‍ നമ്മള്‍ ഇല്ലാതാകും ) എന്ന ഹിന്ദുത്വ മുദ്രാവാക്യത്തിനെതിരയാണ് മഹായുതിയിൽ എതിര്‍പ്പുയരുന്നത്.
എൻസിപി അജിത് പവാർ വിഭാഗവും ബിജെപിക്കുള്ളിൽ തന്നെയുള്ള ഒരു വിഭാഗവുമാണ് മുദ്രാവാക്യത്തിനെതിരെ രംഗത്തുള്ളത്. ബിജെപിയുടെ അന്തരിച്ച നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ മുണ്ടെ, കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാൻ എന്നിവരാണ് ഈ വിദ്വേഷ മുദ്രാവാക്യത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന ബിജെപി നേതാക്കള്‍. മുഖ്യമന്ത്രിയും ഷിൻഡെ വിഭാഗം ശിവസേന നേതാവുമായ ഏക്‌നാഥ് ഷിൻഡെയും മുദ്രാവാക്യത്തിൽ നിന്നും പരോക്ഷമായി അകലം പാലിക്കുന്നുണ്ട്.
വികസനം മാത്രമാണ് തന്റെ അജണ്ടയെന്നും വോട്ടർമാരെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുവെന്നുമാണ് അദ്ദേഹം പറയുന്നത്. അതേസമയം മുദ്രാവാക്യത്തെ പരസ്യമായി തന്നെ, അജിത് പവാര്‍ വിമര്‍ശിച്ചു. ഉത്തർപ്രദേശിൽ ഇത്തരത്തിലുള്ള മുദ്രാവാക്യം കൊണ്ട് നേട്ടമുണ്ടാകുമെന്നും മഹാരാഷ്ട്രയിൽ ഏൽക്കില്ലെന്നുമാണ് അജിത് പവാർ വ്യക്തമാക്കിയത്. എന്നാല്‍ അജിത് പവാറിന്റെ നിലപാടിനെതിരെ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത് എത്തി. മുദ്രാവാക്യത്തില്‍ പ്രശ്നം കാണേണ്ട കാര്യമില്ലെന്നും എല്ലാവരും ഒരുമിച്ച് നില്‍ക്കാനുള്ള ആഹ്വാനമായി കണ്ടാല്‍ മതിയെന്നും ഫഡ്നാവിസ് പറഞ്ഞു.
ഹിന്ദുത്വ വിരുദ്ധ ആശയങ്ങൾക്കെതിരെയുള്ള അജിത് പവാറിന്റെ നിലാപടുകളിൽ മാറ്റംവരാൻ സമയം എടുക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു. പതിറ്റാണ്ടുകളായി, അജിത് പവാർ ഹിന്ദുത്വ വിരുദ്ധര്‍ക്കൊപ്പമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ശരദ് പവാറിന്റെ കീഴിലുള്ള എൻസിപിയെ പിളർത്തിയാണ് അജിത് പവാർ മഹായുതി സർക്കാറിന്റെ ഭാഗമായിരുന്നത്.
എന്നാല്‍ അശോക് ചവാന്റെയും പങ്കജ മുണ്ടയുടെയും നിലപാടുകൾക്കെതിരെ ഫഡ്‌നാവിസ് വ്യക്തമായ മറുപടി നല്‍കിയില്ല.
'എന്റെ രാഷ്ട്രീയം വ്യത്യസ്തമാണ്. ഒരേ പാർട്ടിയിലായതുകൊണ്ട് ആ മുദ്രാവാക്യത്തെ പിന്തുണക്കുന്നില്ലെന്നായിരുന്നു'- ഒബിസി നേതാവ് കൂടിയായ മുണ്ടെ അടുത്തിടെ വ്യക്തമാക്കിയിരുന്നത്. വികസനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നതാണ് തന്റെ വിശ്വാസമെന്നും മഹാരാഷ്ട്രയിൽ അത്തരമൊരു മുദ്രാവാക്യം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മുണ്ടെ പറയുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍, ബീഡില്‍ നിന്നും മുണ്ടെ മത്സരിച്ചിരുന്നുവെങ്കിലും വിജയിക്കാനായിരുന്നില്ല.
പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അശോക് ചവാനും സമാന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഈ മുദ്രാവാക്യം അപ്രസക്തമാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾ ഇത് വിലമതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരോടൊപ്പം സംസ്ഥാനത്തെ ചില മുതിർന്ന ബിജെപി നേതാക്കളും കർക്കശമായ ഹിന്ദുത്വ ലൈൻ ഉയർത്തുന്നതിൽ നിന്നും അകലം പാലിക്കുന്നുണ്ട്.
അതേസമയം മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനെ 'ദേശസ്നേഹികളും ഔറംഗസേബിൻ്റെ അനുയായികളും തമ്മിലുള്ള പോരാട്ടമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടനയ്‌ക്ക് ഭീഷണിയാകുമെന്ന 'ഇന്‍ഡ്യ' സഖ്യത്തിന്റെ ക്യാമ്പയിന്‍, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തളര്‍ത്തിയെന്നും അതുപോലെ നിയമസഭാ തെരഞ്ഞെടുപ്പിലും സംഭവിക്കാതിരിക്കാനാണ് തീവ്രഹിന്ദുത്വ ലൈന്‍ പിടിക്കുന്നത് എന്നുമാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. അതിനാണിപ്പോള്‍ സ്വന്തം പാളയത്തില്‍ നിന്നുംപോലും എതിര്‍പ്പ് ഉയരുന്നത്. ഈ മാസം 20നാണ് മഹാരാഷ്ട്രയിലെ വോട്ടെടുപ്പ്. 23ന് ഫലം പ്രഖ്യാപിക്കും.
Adjust Story Font
16