'ഇത് സോണിയാ ഗാന്ധിക്ക് നൽകിയ ഉറപ്പ്'; വിജയത്തിൽ വിതുമ്പി ഡി.കെ ശിവകുമാർ
സിദ്ധരാമയ്യ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ നേതാക്കൾക്കും നന്ദി.
ബംഗളൂരു: കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ വിതുമ്പി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ. എന്തു വില കൊടുത്തും പാർട്ടിയെ സംസ്ഥാനത്ത് അധികാരത്തിൽ കൊണ്ടുവരുമെന്ന് താൻ നൽകിയ ഉറപ്പായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിജയത്തിന്റെ ക്രഡിറ്റ് സിദ്ധരാമയ്യ അടക്കം എല്ലാ നേതാക്കൾക്കും സമർപ്പിക്കുന്നതായും ശിവകുമാർ കൂട്ടിച്ചേർത്തു.
'എല്ലാ കർണാടകക്കാർക്കും നമസ്‌കാരം. കർണാടകയിലെ ജനം ഞങ്ങളെ വിശ്വസിച്ചു. നേതാക്കൾക്കാണ് ഈ വിജയത്തിന്റെ ക്രഡിറ്റ്. കൂട്ടായ യത്‌നത്തിന്റെ വിജയമാണിത്. എന്തു വില കൊടുത്തും കർണാടകയിൽ കോൺഗ്രസിനെ അധികാരത്തിൽ കൊണ്ടുവരുമെന്ന് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് ഞാൻ കൊടുത്ത ഉറപ്പായിരുന്നു. ബിജെപി എന്നെ തിഹാര്‍ ജയിലിലടച്ച വേളയിൽ സോണിയാ ഗാന്ധി എന്നെ സന്ദർശിക്കാൻ വന്നത് മറക്കാനാകില്ല. സിദ്ധരാമയ്യ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ നേതാക്കൾക്കും നന്ദി. ബൂത്ത് തലത്തിലുള്ള പ്രവർത്തകർ അടക്കം എല്ലാവർക്കും ഈ വിജയത്തിൽ പങ്കുണ്ട്' - സിദ്ധരാമയ്യ പറഞ്ഞു.
കനകപുര മണ്ഡലത്തിൽ നിന്നു ജനവിധി നേടിയ ശിവകുമാർ കൂറ്റൻ ജയമാണ് നേടിയത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി ആർ അശോക മൂന്നാം സ്ഥാനത്തേക്ക് പോയി. ജെഡിഎസാണ് രണ്ടാമത്. നാൽപ്പതിനായിരത്തിലേറെ വോട്ടുകൾക്കാണ് ശിവകുമാറിന്‍റെ ജയം. ഇത് ഏഴാം തവണയാണ് ശിവകുമാര്‍ വിധാൻ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
2017 മുതൽ ഇഡിയുടെ അന്വേഷണം നേരിടുന്ന നേതാവാണ് ശിവകുമാർ. 2019-20 കാലയളവിൽ ഇദ്ദേഹത്തെ ജയിലിലടച്ചിരുന്നു. 104 ദിവസമാണ് ഇദ്ദേഹം ജയിലിൽ കിടന്നിരുന്നത്.
അതിനിടെ, വോട്ടെണ്ണൽ പുരോഗമിക്കവെ 132 സീറ്റിൽ ലീഡ് ചെയ്യുകയാണ് കോൺഗ്രസ്. ബിജെപി 65 സീറ്റിലും ജെഡിഎസ് 21 സീറ്റിലും ലീഡ് ചെയ്യുന്നു. 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. തോൽവിയോടെ ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനത്തു നിന്നും ബിജെപി അധികാരത്തിന് പുറത്താകും.
Adjust Story Font
16