Quantcast

'മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടി തമിഴ്‌നാടിന്‍റെ സ്വപ്‌നം, ഡിഎംകെ യാഥാര്‍ഥ്യമാക്കും': തമിഴ്നാട് മന്ത്രി

തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു തമിഴ്‌നാട് ഗ്രാമവികസന മന്ത്രിയായ ഐ. പെരിയസാമിയുടെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    17 Dec 2024 7:39 AM GMT

i periyasamy
X

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്നാട് മന്ത്രി ഐ.പെരിയസാമി. ഇത് തമിഴ്നാടിന്‍റെ സ്വപ്നമാണെന്നും ഡിഎംകെ ഭരണത്തിൽ അത് നടപ്പിലാക്കുമെന്നും പെരിയസാമി പറഞ്ഞു. തേനി ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്തിയ ശേഷമായിരുന്നു തമിഴ്‌നാട് ഗ്രാമവികസന മന്ത്രിയായ ഐ. പെരിയസാമിയുടെ പ്രതികരണം.

നിലവിൽ 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് . ഡിഎംകെയുടെ ഈ ഭരണത്തിൽ തന്നെ അത് 152 അടിയാക്കുമെന്നാണ് മന്ത്രിയുടെ വെല്ലുവിളി. സുപ്രിം കോടതി വിധി പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ അറ്റകുറ്റപ്പണികൾക്കു തമിഴ്‌നാട് സർക്കാരിന് അവകാശമുണ്ട്. ഇക്കാര്യം വൈക്കം സന്ദർശനവേളയിൽ കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി തിരുമാനിച്ചിരുന്നതായും പെരിയസാമി പറഞ്ഞു. മുല്ലപ്പെരിയാറിൽ അറ്റകുറ്റപ്പണികള്‍ക്ക് കഴിഞ്ഞയാഴ്ച തമിഴ്‌നാടിനു കേരളം അനുമതി നല്‍കിയിരുന്നു.

ഏഴു ജോലികള്‍ക്കായി നിബന്ധനകളോടെയാണ് അനുമതി. അണക്കെട്ടിലും സ്പില്‍വേയിലും സിമന്‍റ് പെയിന്‍റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്‌നാട് നടത്തുന്നത്. പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതു വരെ ജനങ്ങളുടെ ഭീതി ഒഴിവാക്കാനായി നിലവിലുള്ള അണക്കെട്ടില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു മാത്രമാണ് അനുമതി നല്‍കുന്നതെന്ന് കേരളത്തിന്‍റെ ഉത്തരവില്‍ പറയുന്നു. തമിഴ്നാടിന്‍റെ ഒരിഞ്ചുഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും പെരിയസാമി പറഞ്ഞു. 142 അടിയെന്ന നിലവിലെ ജനനിരപ്പ് കുറയ്ക്കണമെന്ന ആവശ്യം കേരളത്തിൽ ഉയരുമ്പോഴാണ് തമിഴ്നാടിന്‍റെ പ്രകോപനം.

TAGS :

Next Story