Quantcast

അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റിനൊരുങ്ങി ഡി.എം.കെ; പ്രത്യയശാസ്ത്രം കോപ്പിയടിച്ചെന്ന് ബി.ജെ.പി

രാജ്യം മുഴുവൻ ആരാധിക്കുന്ന മുരുകനെ തമിഴ്‌നാട്ടിൽ മാതമായി ഒതുക്കാനാവില്ലെന്ന് ബി.ജെ.പി

MediaOne Logo

Web Desk

  • Published:

    15 March 2024 6:48 AM GMT

അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റിനൊരുങ്ങി ഡി.എം.കെ;  പ്രത്യയശാസ്ത്രം കോപ്പിയടിച്ചെന്ന് ബി.ജെ.പി
X

ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചരണായുധം. ബി.ജെ.പി പ്രചരണത്തിന് മറുപടിയെന്നോണം തെരഞ്ഞെടുപ്പിന് മുമ്പ് അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റും സമ്മേളനവും സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് ഡി.എം.കെ. ലോകമെമ്പാടുമുള്ള മുരുക ഭക്തരെ ഉൾപ്പെടുത്തിക്കൊണ്ട് ജൂൺ-ജൂലൈ മാസങ്ങളിലായിരിക്കും ഫെസ്റ്റ് സംഘടിപ്പിക്കുക.

ഫെസ്റ്റിൽ മുരുകനെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങളും പ്രദർശനങ്ങളും കോൺക്ലേവുകളും സംഘടിപ്പിക്കും.

ഇതാദ്യമായല്ല മുരുകൻ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. 2020ൽ ബി.ജെ.പി 'വേൽ യാത്ര' എന്ന പേരിൽ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഹിന്ദു സ്ത്രീകളെ ആക്രമിക്കുകയും, മുരുകഭക്തി ഗീതമായ കണ്ഠ ശക്തി കവസത്തെ അപമാനിക്കുകയും ചെയ്യുന്ന നീചശക്തികൾക്കെതിരെയുള്ള പോരാട്ടമാണ് വേൽ യാത്ര എന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. തമിഴരെല്ലാം മുരുകന്റെ സന്തതിപരമ്പരകളാണ് എന്ന് പറഞ്ഞുകൊണ്ട് നാം തമിളർ കച്ചി നേതാവ് സീമനും രംഗത്തുവന്നിരുന്നു.

ഡി.എം.കെ മുരുകനിലേക്ക് തിരിയുന്നത് ഇതാദ്യമായാണ്.

മുരുകൻ ഫെസ്റ്റ് നടത്താനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായിട്ടാണ് ബി.ജെ.പി രംഗത്തെത്തിയത്. 'കേന്ദ്രത്തിൽ നിന്നുള്ള പദ്ധതികളെ സ്റ്റിക്കർ മാറ്റി ഡി.എം.കെ പദ്ധതികളാക്കുകയായിരുന്നു അവർ ആദ്യം ചെയ്തിരുന്നത്. ഇപ്പോൾ അവർ ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങൾ പകർത്തി രാഷ്ട്രീയത്തിലും ഉപയോഗിക്കുയാണ്'- എന്നായിരുന്നു ബി.ജെ.പി സംസ്ഥാന സെക്രട്ടറി ആർ ശ്രീനിവാസന്റെ പ്രതികരണം.

രാജ്യം മുഴുവൻ ആരാധിക്കുന്ന മുരുകനെ തമിഴ്‌നാട്ടിൽ മാതമായി ഒതുക്കാനാവില്ലെന്നും ഇത്തരം തന്ത്രങ്ങളിൽ തമിഴ് ജനത വീഴില്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

അന്താരാഷ്ട്ര മുരുകൻ ഫെസ്റ്റ് ഒരു രാഷ്ട്രീയ പരിപാടിയല്ല, ഡി.എം.കെ സർക്കാർ മുരുകന് നൽകുന്നത് ഉയർന്ന പരിഗണനായാണ് എന്നായിരുന്നു തമിഴ്നാട് ഹിന്ദു മത ചാരിറ്റബിൾ എംപവർമെന്റ് മന്ത്രി പി കെ ശേഖർബാബുവിന്റെ പ്രതികരണം.

ഫെസ്റ്റിന്റെ പ്രധാന കേന്ദ്രമായി തിരിചെന്ദൂർ മുരുകൻ കോവിൽ മാറ്റുമെന്നും ഇതിനായി 300 കോടി ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :

Next Story