'ദ്രൗപദി രാഷ്ട്രപതി'; ദ്രൗപദി മുർമു 15ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു
രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാവ് രാജ്യത്തിന്റെ അമരക്കാരിയാകുന്നത്
ഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്തു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ സത്യവാചകം ചൊല്ലി കൊടുത്തു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ടപതിയെന്ന ഖ്യാതി കൂടി ദ്രൗപദി മുർമുവിന്റെ സ്ഥാനാരോഹണത്തിനുണ്ട്. രാജ്യം 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുമ്പോഴാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള നേതാവ് രാജ്യത്തിന്റെ അമരക്കാരിയാകുന്നത്.
രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പം ലിമോസിനിൽ പാർലമെന്റിലേക്ക് ദ്രൗപതി മുർമു എത്തിച്ചേർന്നത്. പാർലമെന്റിലെ സെൻട്രൽ ഹാളിലെ ചടങ്ങിലാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. രാഷ്ട്രപതി ഭവനരികെ 21 ആചാര വെടി മുഴക്കിയാണ് മൂന്നു സേനകൾക്കും പുതിയ മേധാവി ചുമതലയേറ്റ വിവരം പുറംലോകത്തെ അറിയിക്കുന്നത്.
പ്രതിപക്ഷ നിരയിൽ നിന്ന് പോലും വോട്ടുകൾ സമാഹരിച്ചാണ് 64 ശതമാനം പിന്തുണ ഈ 64 കാരി നേടിയത്. ആദിവാസി വിരുദ്ധമായ ബി.ജെ.പി സർക്കാരിന്റെ ബിൽ തിരിച്ചയച്ച ജാർഖണ്ഡ് ഗവർണറാണ് ദ്രൗപദി മുർമു. കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പദവിയിലേക്ക് പരിഗണിക്കുന്ന ആദ്യ വ്യക്തിയെന്ന പ്രത്യേകതയും ദ്രൗപദി മുർമുവിനുണ്ട്.
ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിതാ നേതാവാണ് ദ്രൗപതി മുർമു. ബിജെപിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. കൗൺസിലറായാണ് ദ്രൗപതി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് റൈരംഗ്പൂർ ദേശീയ ഉപദേശക സമിതിയുടെ വൈസ് ചെയർപേഴ്‌സണായി. 2015ൽ ദ്രൗപതിയെ ജാർഖണ്ഡിന്റെ ഗവർണറായി നിയമിച്ചു. ജാർഖണ്ഡിൽ അഞ്ച് വർഷം പൂർത്തിയാക്കുന്ന ആദ്യ ഗവർണറും ജാർഖണ്ഡിന്റെ ആദ്യ വനിതാ ഗവർണർ എന്ന പ്രത്യേകതയും ദ്രൗപദി മുർമുവിന് സ്വന്തമാണ്.
1958 ജൂൺ 20നാണ് മയൂർഭഞ്ച് ജില്ലയിലെ ബൈദാപോസി ഗ്രാമത്തിൽ ദ്രൗപതി മുർമു ജനിച്ചത്. ബിരാഞ്ചി നാരായൺ തുഡുവാണ് പിതാവ്. ആദിവാസി വിഭാഗമായ സാന്താൾ കുടുംബത്തിലായിരുന്നു ജനനം. രമാദേവി വിമൻസ് യൂണിവേഴ്‌സിറ്റിയിലായിരുന്നു വിദ്യാഭ്യാസം. ശ്യാംചരൺ മുർമുവാണ് ഭര്‍ത്താവ്. രണ്ടാൺമക്കളും ഒരു പെൺകുട്ടിയുമുണ്ട്. ഭർത്താവും രണ്ടാൺകുട്ടികളും മരിച്ചു.
Adjust Story Font
16