ഇൻസ്റ്റഗ്രാം പരിചയം പ്രണയമായി; വിവാഹസംഘവുമായി വരനെത്തിയ സ്ഥലം ഭൂപടത്തിൽ പോലുമില്ല !
വിവാഹം എന്ന് കേൾക്കുമ്പോഴേ, 150 പേരുമായി നടുറോഡിൽ കാത്തുനിന്ന കാര്യമാണ് ദിലീപിനിപ്പോൾ ഓർമ വരിക...
ദുബൈയിൽ നിന്ന് നാട്ടിലേക്ക് തന്റെ വിവാഹത്തിനെത്തുമ്പോൾ ഏതൊരു ചെറുപ്പക്കാരനെയും പോലെ ആ യുവാവും സ്വപ്‌നങ്ങൾ നെയ്തുകൂട്ടിയിരുന്നു... പക്ഷേ വിവാഹസംഘവുമായി വധുവിന്റെ കൂട്ടർ പറഞ്ഞ സ്ഥലത്തെത്തിയ അയാളെ വരവേൽക്കാൻ അവിടെ ആരുമുണ്ടായില്ല, യഥാർഥത്തിൽ അങ്ങനൊരു വേദി പോലും.... മൂന്ന് വർഷത്തെ പ്രണയവും പ്രണയിനിയുമൊക്കെ കൃത്യമായ പ്ലാനോടെ നടന്ന ഒരു തട്ടിപ്പാണെന്ന് അപ്പോഴാണ് അയാൾക്ക് മനസ്സിലായത്.
സിനിമാക്കഥ പറയുകയാണ് എന്ന് കരുതിയെങ്കിൽ തെറ്റി. പഞ്ചാബിൽ കഴിഞ്ഞ ദിവസം നടന്ന ഒരു വമ്പൻ തട്ടിപ്പാണിത്. വരൻ ദുബൈയിൽ ജോലി ചെയ്യുന്ന ജലന്ദർ സ്വദേശിയായ 24കാരൻ. വധു മൻപ്രീത് കൗർ എന്ന 'അജ്ഞാത സുന്ദരി'. ഇൻസ്റ്റഗ്രാമിൽ തുടങ്ങിയ പരിചയം പ്രണയമായതും അത് വിവാഹത്തിൽ കലാശിച്ചതും ഒടുവിൽ പറ്റിക്കപ്പെട്ടതുമൊക്കെ വിശ്വസിക്കാൻ ദിലീപ് കുമാർ എന്ന യുവാവിന് ഇനിയുമായിട്ടില്ല. വിവാഹം എന്ന് കേൾക്കുമ്പോഴേ 150 പേരുമായി നടുറോഡിൽ കാത്തുനിന്ന കാര്യമാണ് ദിലീപിനിപ്പോൾ ഓർമ വരിക.
ഡിസംബർ 6നായിരുന്നു മൻപ്രീത് എന്ന യുവതിയുമായി ദിലീപിന്റെ വിവാഹം ഉറപ്പിച്ചത്. ഇൻസ്റ്റഗ്രാമിൽ മൂന്ന് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ബന്ധമാണ് ഇരുവരുടേതും. തമ്മിൽ നേരിട്ട് കണ്ടിട്ടില്ല. പക്ഷേ കോളുകളിലൂടെയും ചാറ്റിംഗിലൂടെയും മറുതലയ്ക്കലെ ആളുമായി ദിലീപ് ഒരുപാടടുത്തു. വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ ഡബിൾ ഓകെ ആയിരുന്നു മൻപ്രീത്. ഫോണിലൂടെ തന്നെ രണ്ട് പേരുടെയും അച്ഛനമ്മമാർ സംസാരിക്കുകയും വിവാഹമുറപ്പിക്കുകയും ചെയ്തു.
ഡിസംബർ 6 ആയിരുന്നു ആ ദിനം. വിവാഹത്തിന് വരന്റെ ഭാഗത്ത് നിന്ന് 150 പേരെ കൊണ്ടുവരാൻ മൻപ്രീതിന്റെ ബന്ധുക്കൾ തന്നെയാണ് നിബന്ധന വച്ചത്. മോഗയിലെ റോസ് ഗാർഡൻ പാലസ് ആണ് വിവാഹവേദി എന്ന് നൂറുകുറി അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് പാട്ടും ബാൻഡും മേളവുമായി ആഘോഷമായി തന്നെ ദിലീപും സംഘവും മോഗയിലെത്തി. എന്നാൽ റോസ് ഗാർഡൻ കണ്ടുപിടിക്കാൻ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കഴിഞ്ഞില്ല.
ഒടുവിൽ സഹികെട്ട് മൻപ്രീതിനെ വിളിച്ചന്വേഷിച്ചു. ബന്ധുക്കൾ ഉടനെ തന്നെ അവിടേക്ക് വരും എന്നായിരുന്നു യുവതിയുടെ മറുപടി. ഭാവിവധുവിന്റെ വാക്കുകൾ അവിശ്വസിക്കാൻ അപ്പോഴും ദിലീപിന് തോന്നിയില്ല. അവളുടെ ബന്ധുക്കളെയും കാത്ത് ആ നിൽപ് ദിലീപ് നിന്നത് അഞ്ച് മണിക്കൂറാണ്. ഇതിനിടയിൽ മൻപ്രീത് ഫോൺ സ്വിച്ച് ഓഫ് ചെയ്തു. അപകടം മണത്ത യുവാവ് പ്രദേശവാസികളോട് അന്വേഷിച്ചപ്പോഴാണ് റോസ് ഗാർഡൻ പാലസ് എന്ന ഒരു വേദി അവിടെങ്ങും ഇല്ല എന്നറിയുന്നത്. പറ്റിക്കപ്പെട്ടു എന്ന് മനസ്സിലായ ഉടൻ ദിലീപിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.
മൂന്ന് വർഷത്തെ പ്രണയവും കല്യാണ ഒരുക്കങ്ങളുമെല്ലാം ഒറ്റനിമിഷം കൊണ്ട് ഇല്ലാതായ ദുർവിധി അംഗീകരിക്കാൻ ദിലീപിന് കുറച്ചധികം സമയം വേണ്ടി വന്നിരുന്നു. ഒരുതരത്തിലും അവിശ്വസിക്കാനാവാത്ത തരത്തിലായിരുന്നു യുവതിയുടെയും ബന്ധുക്കളുടെയും പെരുമാറ്റമെന്നാണ് ദിലീപിന്റെ പിതാവ് പ്രേംചന്ദ് പറയുന്നത്.
'എല്ലാം തങ്ങൾ നോക്കിക്കൊള്ളാം എന്ന സമീപനമായിരുന്നു യുവതിയുടെ ബന്ധുക്കളുടേത്. വിവാഹവേദി നിശ്ചയിച്ചതും അതിഥികളെ ക്ഷണിച്ചതുമെല്ലാം ഫോണിലൂടെ ആയിരുന്നു. വിവാഹവേദി മോഗയിലായതിനാൽ എല്ലാ ഒരുക്കങ്ങളും തങ്ങൾ ചെയ്തുകൊള്ളാമെന്ന് യുവതിയുടെ ബന്ധുക്കളെന്ന് അവകാശപ്പെടുന്നവർ പറഞ്ഞിരുന്നു. കല്യാണ ആവശ്യങ്ങൾക്കായി 50,000 രൂപയും കൈമാറി. ഇത്തരമൊരു ദുർവിധിയാണ് കാത്തിരിക്കുന്നതെന്ന് സ്വപ്‌നത്തിൽ പോലും കരുതിയില്ല'- അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഫിറോസാബാദിൽ വക്കീൽ ആയി ജോലി നോക്കുകയാണെന്നാണ് യുവതി ദിലീപിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. സാമ്പത്തികമായി ഉയർന്ന നിലയിലാണെന്നും യുവതി പറഞ്ഞിരുന്നതായി ദിലീപ് ഓർക്കുന്നു. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് മോഗ എഎസ്‌ഐ ഹർജിന്ദർ സിങ് അറിയിക്കുന്നത്.
Adjust Story Font
16