യശ്വന്ത് സിൻഹയുടെ പരിപാടിക്കിടെ കോൺഗ്രസ് എംപിയുടെ ഒന്നര ലക്ഷത്തിന്റെ പേന നഷ്ടമായെന്ന് പരാതി
മുൻ കന്യാകുമാരി എം.പിയായ അന്തരിച്ച പിതാവ് എച്ച് വസന്തകുമാറിൽനിന്ന് ലഭിച്ച മൗണ്ട് ബ്ലാങ്ക് ഫൗണ്ടെയ്ൻ പേനയാണ് നഷ്ടമായതെന്ന് എംപി
പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയുടെ പരിപാടിക്കിടെ കോൺഗ്രസ് എംപിയുടെ ഒന്നര ലക്ഷത്തിന്റെ പേന നഷ്ടമായെന്ന് പരാതി. തമിഴ്‌നാട് കോൺഗ്രസ് എം.പി വിജയ് വസന്താണ് പരാതി നൽകിയത്. ചെന്നൈയിലെ ഹോട്ടലിൽ നടന്ന പരിപാടിക്കിടെ പേന നഷ്ടമായെന്നാണ് കന്യാകുമാരിയിൽ നിന്നുള്ള എംപി പറയുന്നത്. മുൻ കന്യാകുമാരി എം.പിയായ അന്തരിച്ച പിതാവ് എച്ച് വസന്തകുമാറിൽനിന്ന് ലഭിച്ച മൗണ്ട് ബ്ലാങ്ക് ഫൗണ്ടെയ്ൻ പേനയാണ് നഷ്ടമായതെന്ന് ഗ്യുണ്ടി പൊലീസ് സ്‌റ്റേഷനിൽ ചൊവ്വാഴ്ച നൽകിയ പരാതിയിൽ വസന്ത് ചൂണ്ടിക്കാട്ടി. പേന ഏറെ പ്രിയപ്പെട്ടതായതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പങ്കെടുക്കാനെത്തുമ്പോൾ പേന തന്റെ പോക്കറ്റിലുണ്ടായിരുന്നുവെന്നത് ഉറപ്പാണെന്നും അവിടുത്തെ തിരക്കിൽ വീണുപോയതായിരിക്കാമെന്നും വസന്ത് വ്യക്തമാക്കി. ഹോട്ടലിലെ ചടങ്ങിൽ കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും അംഗങ്ങൾ മാത്രമാണുണ്ടായിരുന്നതെന്നും പുറത്തു നിന്നുള്ളവർ എത്തിയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോട്ടൽ അധികൃതരോട് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പറഞ്ഞെങ്കിലും പരാതി സമർപ്പിച്ച ശേഷം മാത്രമാണ് അത് ചെയ്യാനാകൂവെന്നാണ് അവർ പറഞ്ഞതെന്നും വസന്ത് വ്യക്തമാക്കി. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പോലെ പേന മോഷ്ടിക്കപ്പെട്ടുവെന്നല്ല താൻ പരാതി നൽകിയതെന്നും കാണാതായെന്നാണ് പരാതിപ്പെട്ടതെന്നും അദ്ദേഹം അറിയിച്ചു. ജൂൺ 30നാണ് ഡിഎംകെയുടെയും സഖ്യകക്ഷികളുടെയും എംപിമാരെയും എംഎൽഎമാരെയും കണ്ട് വോട്ടഭ്യർത്ഥിക്കുന്ന പരിപാടി നടത്തിയത്.
തമിഴ്‌നാട്ടിലെ വൻകിട റിട്ടൈയ്ൽ ശൃംഖലയായ വസന്ത് ആൻഡ് കോ സ്ഥാപകനായ വസന്ത്കുമാറിന്റെ മരണശേഷം 2021 മേയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് വസന്ത് ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2020ലാണ് വസന്ത്കുമാർ കോവിഡ് ബാധിച്ച് മരിച്ചത്.
During Yashwant Sinha's program, the Congress MP's pen worth one and a half lakhs was lost
Adjust Story Font
16