'അതൊക്കെ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴല്ലേ...'; എഐഎഡിഎംകെ- ബിജെപി സഖ്യ അഭ്യൂഹങ്ങളോട് പ്രതികരിച്ച് എടപ്പാടി പളനിസ്വാമി
'മെക്കേദാട്ടു പദ്ധതി അനുവദിക്കരുതെന്നും താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു'- അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, എഐഎഡിഎംകെ വീണ്ടും ബിജെപിക്കൊപ്പം സഖ്യത്തിനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറിയും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി.
'സഖ്യ ചർച്ചകളൊക്കെ നടക്കുക തെരഞ്ഞെടുപ്പ് അടുക്കുമ്പോഴായിരിക്കും, ഇപ്പോൾ ഒന്നുമില്ല' എന്നാണ് ഇപിഎസിന്റെ വാദം. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും റെയിൽവേ പദ്ധതികൾക്കും എംഎൻആർഇജിഎ തൊഴിലുറപ്പ് പദ്ധതിക്കും ഫണ്ട് ആവശ്യപ്പെടാനുമായിരുന്നു കൂടിക്കാഴ്ചയെന്നും പളനിസ്വാമി അവകാശപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു പളനിസ്വാമി അമിത്ഷായെ കണ്ടത്. മുതിർന്ന നേതാക്കളായ എസ്.പി വേലുമണി, കെ.പി മുനുസാമി എന്നിവരും പളനിസ്വാമിക്കൊപ്പം ഉണ്ടായിരുന്നു.
തമിഴ്നാട് മാർക്കറ്റിങ് കോർപറേഷൻ അഴിമതിയെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അമിത്ഷായോട് ആവശ്യപ്പെട്ടതായും പളനിസ്വാമി പറഞ്ഞു. തമിഴ്‌നാട്ടിലെ ക്രമസമാധാന നില തകർന്നുകൊണ്ടിരിക്കുന്നു. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചും മദ്യത്തിന്റെയും മയക്കുമരുന്നിന്റേയും ഭീഷണിയെക്കുറിച്ചും താൻ ചൂണ്ടിക്കാട്ടി. 'മെക്കേദാട്ടു പദ്ധതി അനുവദിക്കരുതെന്നും താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു'- അദ്ദേഹം വ്യക്തമാക്കി.
കർണാടകയിലെ രാമനഗര ജില്ലയിൽ കാവേരി നദിക്ക് കുറുകെ ജലസംഭരണി നിർമിക്കുന്നതാണ് മെക്കേദാട്ടു പദ്ധതി. ഇത് തമിഴ്‌നാട്ടിലേക്കുള്ള ജലപ്രവാഹം കുറയ്ക്കുമെന്നാണ് ആരോപണം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എഐഎഡിഎംകെയും ബിജെപിയും സഖ്യത്തിലായിരുന്നു. എന്നാൽ ഡിഎംകെ- കോൺഗ്രസ് സഖ്യത്തോട് വൻ പരാജയമാണ് ഈ സഖ്യം ഏറ്റുവാങ്ങിയത്.
അതിനു ശേഷം ഇരു കക്ഷികളും തമ്മിലുള്ള ബന്ധം അതിവേഗം വഷളാവുകയും 2023 സെപ്തംബറിൽ ബിജെപിയുമായുള്ള സഖ്യം വേർപ്പെടുത്തുന്നതായി എഐഎഡിഎംകെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, എംജിആർ ഉൾപ്പെടെയുള്ള മുൻ നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി രംഗത്തെത്തെത്തിയതോടെയായിരുന്നു ഇത്. അതിനു ശേഷം ഇതാദ്യമായാണ് വീണ്ടും എഐഎഡിഎംകെ സഖ്യ സൂചനകൾ നൽകുന്നത്. 2026ലാണ് തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ്.
Adjust Story Font
16