100 കോടി കൈപ്പറ്റി; ഡൽഹി മദ്യനയ അഴിമതിയിൽ എഎപിക്കും കെജ്‌രിവാളിനുമെതിരെ ഗുരുതര ആരോപണവുമായി ഇ.ഡി
അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ആരോപണം.
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ ആം ആദ്മി പാര്‍ട്ടിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ ഗുരുതര ആരോപണവുമായി ഇ.ഡിയുടെ അനുബന്ധ കുറ്റപത്രം. അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആരോപണം.
തെക്കേ ഇന്ത്യയിൽ നിന്ന് മാത്രം മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ എ.എ.പി കൈപ്പറ്റിയെന്നും ഈ തുക ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ വിനിയോഗിച്ചെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. തെക്കേ ഇന്ത്യയിലെ മദ്യക്കമ്പനികളില്‍ നിന്നാണ് തുക ലഭിച്ചത്.
കേസിലെ പ്രതിയും എ.എ.പി കമ്യൂണിക്കേഷൻ വിഭാഗം തലവനുമായിരുന്ന വിജയ് നായർ ഇടനിലക്കാരനായാണ് തുക സമാഹരിച്ചത്. ഇൻഡോ സ്പിരിറ്റ് എം.ഡി സമീർ മഹിന്ദ്രോയുമായി അരവിന്ദ് കെജ്‌രിവാൾ മുഖാമുഖം സംസാരിച്ചെന്നും ഇ.ഡി പറയുന്നു.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എ.എ.പി നേതാക്കളായ വിജയ് നായര്‍, സഞ്ജീവ് സിങ്, മദ്യക്കമ്പനി ഉടമ അമിത് അറോറ എന്നിവരുടെ പേരുകൾ കുറ്റപത്രത്തിലുണ്ട്.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത, ആന്ധ്രപ്രദേശിൽ നിന്നുള്ള വൈ.എസ്.ആർ കോൺഗ്രസ് എം.പി ശ്രീനിവാസ് റെഡ്ഡി, അരബിന്ദോ ഫാർമ ഉടമ ശരത് റെഡ്ഡി എന്നിവരുടെ പേരും അനുബന്ധ കുറ്റപത്രത്തിൽ ഉണ്ട്.
Adjust Story Font
16