സംഭലിൽ റോഡുകളിലും വീടുകൾക്ക് മുകളിലും പെരുന്നാൾ നമസ്കാരത്തിന് വിലക്ക്; ലംഘിച്ചാൽ കർശന നടപടിയെന്ന് പൊലീസ്
ഉച്ചഭാഷിണിയും അനുവദിക്കില്ല. സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാൾ നമസ്‌കാരത്തിന് വിലക്കുണ്ട്.

ലഖ്നൗ: ഹോളിക്കു പിന്നാലെ ഈദ് ദിനത്തിലും യുപിയിലെ സംഭലിൽ കൂടുതൽ നിയന്ത്രണങ്ങളുമായി പൊലീസ്. സംഭലിൽ പെരുന്നാൾ നമസ്കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്നാണ് പൊലീസ് നിർദേശം. റോഡുകളിലെയും വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിലെയും നമസ്കാരത്തിന് വിലക്കേർപ്പെടുത്തി.
നേരത്തെ, ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് 1015 പേരെ കരുതൽ തടങ്കലിലാക്കുകയും പള്ളികൾ ടാർപായ കൊണ്ട് മൂടുകയും ചെയ്ത നടപടി വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങൾ. ഈദ് ദിനത്തിൽ സാധാരണഗതിയിൽ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകൾഭാഗത്തും നമസ്കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.
ഉച്ചഭാഷിണിയും അനുവദിക്കില്ല. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേർത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിർദേശം. പൊലീസ് നിർദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നൽകി. ഈദുമായി ബന്ധപ്പെട്ട് സംഭൽ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്.
സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാൾ നമസ്‌കാരത്തിന് വിലക്കുണ്ട്. നിർദേശം ലംഘിച്ചാൽ ഇവിടെയും കർശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. സംഘർഷ സാധ്യതാ മേഖലകളിൽ കൂടുതൽ സേനയെ വിന്യസിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും സിസിടിവി, ഡ്രോണുകൾ, പ്രാദേശിക രഹസ്യാന്വേഷണ സംഘം എന്നിവയിലൂടെ നമസ്കാരം നിരീക്ഷിക്കുമെന്നും പൊലീസ് പറഞ്ഞു.
ആളുകൾ റോഡിൽ നമസ്‌കരിച്ചാൽ പാസ്‌പോർട്ടും ലൈസൻസും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഈദും നവരാത്രിയും പരസ്പര സൗഹാർദത്തോടെ ആഘോഷിക്കാൻ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് വന്ദന മിശ്ര പറഞ്ഞു. ഉത്തരവുകൾ ലംഘിച്ചതിന് കഴിഞ്ഞ വർഷം 200 പേർക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം നവംബറിൽ, കോടതി ഉത്തരവിനെ തുടർന്ന് സംഭൽ ഷാഹി മസ്ജിദിൽ നടന്ന സർവേയ്ക്ക് പിന്നാലെയുണ്ടായ സംഘർഷത്തിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച് മുസ്‌ലിം ചെറുപ്പക്കാർ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നവംബർ 24നായിരുന്നു സംഭവം. സംഘർഷത്തിൽ പങ്കാരോപിച്ച് കഴിഞ്ഞദിവസം ഷാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അഡ്വ. സഫർ അലിയെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. നവംബർ 24നുണ്ടായ സംഘർത്തിൽ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചെന്നും വ്യാജ തെളിവുകളുണ്ടാക്കിയെന്നുമാണ് സഫർ അലിക്കെതിരായ പൊലീസ് ആരോപണം. അന്ന് പൊലീസ് വെടിവെപ്പ് നടത്തിയ സമയത്ത് മാർക്കറ്റിൽ പോയി വരികയായിരുന്ന മൂന്ന് യുവതികൾ ഉൾപ്പെടെ 40ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യാതൊരു പ്രകോനവുമില്ലാതെയാണ് യുപി പൊലീസ് അഞ്ചു പേരെ വെടിവെച്ച് കൊന്നതെന്ന് ഷാഹി മസ്ജിദ് ഇമാം ഹാഫിള് മുഹമ്മദ് ഫഹീം പറഞ്ഞിരുന്നു.
Adjust Story Font
16