ശ്രീനഗറിലെ ജാമിഅ മസ്ജിദ് പൂട്ടി പൊലീസ്; പെരുന്നാൾ നമസ്‌കാരത്തിന് അനുമതി നൽകിയില്ല
വിശ്വാസികൾ ഏറ്റവും വിശുദ്ധമായി കാണുന്ന 27ാം രാവിലെ പ്രാർത്ഥനയ്ക്കും നേരത്തെ അധികൃതർ അനുമതി നൽകിയിരുന്നില്ല. അന്നും മിർവായിസിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.
ശ്രീനഗറിലെ ഏറെ പ്രസിദ്ധവും ചരിത്രപ്രാധാന്യമുളളതുമായ ജാമിഅ മസ്ജിദിൽ ഈദ് ദിനത്തിലെ പ്രാർത്ഥനകൾ തടഞ്ഞ് പളളി പൂട്ടി പൊലീസ്. ഹുറിയത് കോൺഫറൻസ് ചെയർമാൻ മിർവായിസ് ഉമർ ഫാറൂഖിനെ വീണ്ടും വീട്ടുതടങ്കലിൽ ആക്കിയതിന് പിന്നാലെയാണ് പൊലീസ് പളളി പൂട്ടിയത്. വിശ്വാസികൾ ഏറ്റവും വിശുദ്ധമായി കാണുന്ന 27ാം രാവിലെ പ്രാർത്ഥനയ്ക്കും നേരത്തെ അധികൃതർ അനുമതി നൽകിയിരുന്നില്ല. അന്നും മിർവായിസിനെ വീട്ടുതടങ്കലിലാക്കിയിരുന്നു.
ഇന്ന് പുലർച്ചെയുളള പ്രാർത്ഥനയ്ക്ക് ശേഷം യാതൊരുവിധ വിശദീകരണങ്ങളും നൽകാതെയാണ് പൊലീസ് പളളിയുടെ ഗേറ്റുകൾ പൂട്ടിയതെന്ന് മസ്ജിദിന്റെ പരിപാലന കമ്മിറ്റിയായ അൻജുമാൻ ഔഖാഫ് ജാമിഅ അറിയിച്ചതായി ദ വയർ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് രാവിലെ 9.30നായിരുന്നു പെരുന്നാൾ നമസ്‌കാരം തീരുമാനിച്ചിരുന്നത്. എന്നാൽ ഇത് നടത്താൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കൂടാതെ മിർവായിസ് ഉമർ ഫാറൂഖിനെ വീണ്ടും വീട്ടുതടങ്കലിൽ ആക്കിയെന്നും അൻജുമാൻ ഔഖാഫ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കശ്മീരിലെ മുസ്‌ലിംകളുടെ അവകാശങ്ങൾക്കും ആരാധന സ്വാതന്ത്ര്യത്തിനും മേലുളള അടിച്ചമർത്തലാണ് ഈ നടപടിയെന്ന് മിർവായിസ് പ്രതികരിച്ചു. ഈ ആത്മീയമായ അടിച്ചമർത്തലിനെ കശ്മീരിലെ മുസ്‌ലിംകൾ അവസാനിപ്പിക്കും. ഇത് ഒട്ടും സ്വീകാര്യമല്ലാത്തതും കടുത്ത പ്രതിഷേധം ഉയർത്തുന്നതുമായ നടപടിയാണ്. അധികൃതർ ഇത്തരം നടപടികൾ ആവർത്തിക്കുന്നതിലൂടെ മുസ്‌ലിം സമൂഹത്തെ ലക്ഷ്യമിടുകയും ആരാധനാ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
14ാം നൂറ്റാണ്ടിൽ നിർമ്മിച്ച ശ്രീനഗറിലെ ജാമിഅ ജമ്മു കശ്മീരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ പളളിയാണ്. കശ്മീരിനുളള പ്രത്യേക പദവി റദ്ദാക്കിയ 2019ന് ശേഷം ജാമിഅ മസ്ജിദിൽ ഈദ് ദിനത്തിലെ പ്രാർത്ഥനകളും പലതവണ ജുമുഅ നമസ്‌കാരവും അധികൃതർ തടഞ്ഞിരുന്നു. ക്രമസമാധാന പാലനത്തെ തടസ്സപ്പെടുത്തുമെന്നും സർക്കാർ വിരുദ്ധ നീക്കങ്ങൾ നടക്കുമെന്നുമുളള കാരണങ്ങൾ പറഞ്ഞായിരുന്നു പലപ്പോഴും അധികൃതർ പ്രാർത്ഥനകൾ തടഞ്ഞത്.
കശ്മീരിനുളള പ്രത്യേക പദവി റദ്ദാക്കിയ 2019ൽ വീട്ടുതടങ്കലിൽ ആക്കിയ മിർവായിസിനെ നാലുവർഷത്തിന് ശേഷം 2023 സെപ്റ്റംബറിലാണ് മോചിപ്പിച്ചത്. പിന്നീട് ഈ വർഷം വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട മിഅ്‌റാജ് രാത്രിയിൽ പളളിയിൽ പ്രഭാഷണം നടത്താൻ ഒരുങ്ങുന്നതിനിടെയും വീട്ടുതടങ്കലിൽ അടച്ചിരുന്നു. 2023 ഒക്ടോബർ 13ന് ഫലസ്തീൻ അനുകൂല പ്രകടനം ഉണ്ടാകുമെന്ന് ഭയന്ന് മസ്ജിദിൽ ജുമുഅ നമസ്‌കാരത്തിനുളള അനുമതി നിഷേധിക്കുകയും പളളി അടച്ചുപൂട്ടുകയും ചെയ്തിരുന്നു. അന്നും മിർവായിസ് ഉമർ ഫാറുഖറിനെ വീട്ടുതടങ്കലിൽ അടച്ചിരുന്നു പൊലീസ്.
Adjust Story Font
16