ഡൽഹിയിൽ 20കാരനെ കുത്തിക്കൊന്ന് എട്ടംഗ സംഘം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ
യുവാവിനെ പ്രതികൾ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
ന്യൂഡൽഹി: വാക്കുതർക്കത്തിനിടെ രാജ്യ തലസ്ഥാനത്ത് 20കാരനെ കുത്തിക്കൊന്ന് എട്ടംഗ സംഘം. ഡൽഹി സംഗംവിഹാറിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സംഗംവിഹാർ സ്വദേശി ദിൽഷാദാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത എട്ടു പേരെ പൊലീസ് പിടികൂടി. ഇവരിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
യുവാവിനെ പ്രതികൾ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും. പ്രതികളുമായി ഒരു വർഷം മുമ്പ് നടന്ന വാക്കുതർക്കം വ്യക്തിവൈരാഗ്യത്തിന് കാരണമാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പ്രായപൂർത്തിയാകാത്തവർ യുവാവിനെ കീഴടക്കുന്നതും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ക്രൂരമായി മർദിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ജനമധ്യത്തിൽ നിരവധി ആളുകൾ നോക്കിനിൽക്കുമ്പോളാണ് സംഘം ആക്രമണം നടത്തിയത്. എന്നാൽ, സംഭവം ആരും ചോദ്യം ചെയ്യുകയോ തടയുകയോ ചെയ്തില്ല.
തെരുവിന്റെ ഒരു ഭാഗത്തു വച്ച് യുവാവിനെ പ്രതികൾ കൂട്ടമായി മർദിക്കുകയും ചവിട്ടുകയും ചെയ്ത ശേഷം കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിരവധി തവണ കുത്തിയ പ്രതികൾ ഒടുവിൽ മരിച്ചെന്ന് കരുതി സ്ഥലംവിടുകയായിരുന്നു. ശരീരത്തിൽ നിരവധി കുത്തേറ്റ ദിൽഷാദിനെ പിന്നീട് ചികിത്സയ്ക്കെത്തിച്ചപ്പോൾ ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.
'സംഗംവിഹാർ ഏരിയയിലെ തുഗ്ലക്കാബാദ് എക്സ്റ്റൻഷനു സമീപം ചിലർ ഒരാളെ ആക്രമിക്കുകയും കുത്തുകയും ചെയ്തതായി ശനിയാഴ്ച രാത്രി 7.30ഓടെ ഞങ്ങൾക്ക് പിസിആർ കോൾ ലഭിച്ചു. പൊലീസ് സംഘം ആക്രമണം നടന്ന സ്ഥലത്തെത്തുകയും തുടർന്ന് ആശുപത്രിയിലേക്ക് പോവുകയും ചെയ്തു'- ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
'അവസ്ഥ മോശമായതിനെ തുടർന്ന് യുവാവിനെ പിന്നീട് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മൊഴിയെടുക്കാൻ പറ്റിയ സാഹചര്യമല്ലെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. ഇതോടെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ, വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നെങ്കിലും ഞായറാഴ്ച യുവാവ് മരണത്തിന് കീഴടങ്ങി'- ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. കൊലപാതകം നടന്ന സ്ഥലത്തു നിന്നും കത്തി കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് വിശദമാക്കി.
Adjust Story Font
16