Quantcast

ബീഫ് കൈവശം വച്ചെന്നാരോപിച്ച് ട്രെയിനിൽ വയോധികന് സഹയാത്രികരുടെ ക്രൂരമർദനം; അസഭ്യം, ഭീഷണി

ബീഫല്ലെന്ന് പറഞ്ഞിട്ടും ഇവർ ഭീഷണിപ്പെടുത്തലും അടിയും തുടർന്നു.

MediaOne Logo

Web Desk

  • Published:

    31 Aug 2024 11:38 AM GMT

Elderly man assaulted on train over suspicion of carrying beef
X

മുംബൈ: ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഓടുന്ന ട്രെയിനിൽ മുസ്‌ലിം വയോധികന് സഹയാത്രികരുടെ ക്രൂരമർദനവും ഭീഷണിയും. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. ജൽഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്‌റഫ് മുൻയാറിനാണ് മർദനമേറ്റത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് പോകുമ്പോൾ ഇഗത്പുരിക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.

മകൾക്ക് നൽകാനുള്ള സാധനങ്ങൾ നിറച്ച രണ്ട് പ്ലാസ്റ്റിക് ഭരണികളാണ് ഹാജി അഷ്റഫിന്റെ കൈയിലുണ്ടായിരുന്നത്. ഇതിലൊന്നിൽ ബീഫ് ആണെന്നാരോപിച്ച് സഹയാത്രികരായ യുവാക്കൾ ചോദ്യം ചെയ്യുകയും അധിക്ഷേപിക്കുകയും മർദിക്കുകയുമായിരുന്നു. ബീഫല്ലെന്ന് പറഞ്ഞിട്ടും ഇവർ ഭീഷണിപ്പെടുത്തലും അടിയും തുടർന്നു.

നിരവധി യുവാക്കൾ വയോധികനെ വളഞ്ഞ് ആക്രോശിക്കുകയും കൂട്ടമായി മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഇദ്ദേഹത്തിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ശേഷം മൊബൈൽ നമ്പറും വിലാസവും ചോദിക്കുന്ന യുവാക്കൾ, മുഖത്തടക്കം ശക്തിയായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

നിരവധി പേർ കാഴ്ചക്കാരായും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയും ചുറ്റുമുണ്ടെങ്കിലും ആക്രമണത്തെ ചോദ്യം ചെയ്യാനോ അക്രമികളോ തടയാനോ ആരും തയാറാവുന്നില്ല. വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനു പിന്നാലെ അന്വേഷണം ആരംഭിച്ചതായി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വയോധികനെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന പ്രതികളിൽ ഒരാൾ ആഷു എന്നയാളാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്പെഷ്യൽ റിസർവ്ഡ് പൊലീസ് ഫോഴ്സ് ഉദ്യോ​ഗസ്ഥന്റെ മകനായ ഇയാളും സംഘവും മുംബൈയിൽ പൊലീസ് പരീക്ഷ എഴുതാൻ പോവുകയായിരുന്നു.

'വീഡിയോ ഞങ്ങളുടെ ശ്രദ്ധയിൽ‌പ്പെടുകയും പ്രതികളിൽ ചിലരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്'- ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.



TAGS :

Next Story