തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് രാജി
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കെ തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു. ഇദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. 2027 വരെ ഇദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു.
കമ്മീഷനിലെ മറ്റൊരംഗം അനൂപ് പാണ്ഡെയുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെ ഒരംഗം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ളത്. രാജീവ് കുമാറാണ് നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.
അടുത്താഴ്ച ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനിടയിൽ അരുൺ ഗോയലിന്റെ രാജി പ്രതിസന്ധി തീർക്കും. 2022 നവംബർ 21നാണ് ഇദ്ദേഹം ചുമതലയേറ്റത്. 1985 ബാച്ച് ഐ.എ.എസ് ഓഫിസറാണ്. നേരത്തെ ഹെവി ഇൻഡസ്ട്രി മന്ത്രാലയത്തിൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
സർവീസിൽനിന്ന് സ്വമേധയാ വിരമിച്ച ശേഷമാണ് ഇദ്ദേഹം തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേൽക്കുന്നത്.
Next Story
Adjust Story Font
16