Quantcast

ഏക സിവിൽകോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡിൽ പള്ളികളും മദ്രസകളും പൊളിച്ചുനീക്കുന്നു-ഇ.ടി മുഹമ്മദ് ബഷീർ

''കാർഷികരംഗത്തെ മുഴുവൻ മേഖലയിലും പരാജയപ്പെട്ടപ്പോഴും വർഗീയവിദ്വേഷത്തിന്റെ വിത്ത് വിളയിക്കുന്നതിൽ നിങ്ങൾ വിജയിച്ചു.''

MediaOne Logo

Web Desk

  • Published:

    9 Feb 2024 3:24 PM GMT

Mosques and madrassas being demolished in Uttarakhand where Uniform Civil Code has been implemented: IUML leader ET Mohammed Basheer MP in Lok Sabha, ET Mohammed Basheer on Uttarakhand Haldwani violence in Lok Sabha
X

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ പള്ളികൾക്കും മദ്രസകൾക്കും നേരെ നടക്കുന്ന ബുൾഡോസർ നടപടികൾ പാർലമെന്റിൽ ഉന്നയിച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി. രാജ്യത്ത് എല്ലാം ശുഭകരമാണെന്നു പറയാനാണ് നിങ്ങൾ ധവളപത്രത്തിലൂടെ ശ്രമിച്ചത്. എന്നാൽ, ഏക സിവിൽ കോഡ് നടപ്പാക്കിയ ഉത്തരാഖണ്ഡിൽ പള്ളികളും മദ്രസകളും പൊളിച്ചുനീക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾ ആശങ്കയിലാണെന്നും ബഷീർ എം.പി പറഞ്ഞു.

''രാജ്യത്ത് എല്ലാം ശുഭകരമാണെന്നു പറയാനാണ് നിങ്ങൾ ധവളപത്രത്തിലൂടെ ശ്രമിച്ചത്. ഇന്നു വെള്ളിയാഴ്ചയാണ്. ജുമുഅ നമസ്‌കാരം കഴിഞ്ഞുവരികയാണ് ഞാൻ. ഉത്തരാഖണ്ഡിലെ സംഭവവികാസങ്ങൾ കാരണം പള്ളിയിൽ ജനങ്ങൾ കരയുകയാണ്. ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയിരുന്നു അവിടെ. നാലുപേര് മരിച്ചെന്ന വാർത്ത വരുമ്പോഴും ജില്ലാ കലക്ടറുടെ കണക്കിൽ മരണസംഖ്യ രണ്ടാണ്. അധികൃതർ പള്ളിയും മദ്രസയുമെല്ലാം തകർക്കുകയാണ്.''

കഴിഞ്ഞ ഒരു വർഷമായി ഇത്തരം സംഭവങ്ങൾ അവിടെ നടക്കുന്നുണ്ടെന്നാണു പുറത്തുവരുന്ന പുതിയ വിവരം. ഏക സിവിൽ കോഡിന് നിങ്ങൾ തിരഞ്ഞെടുത്ത സ്ഥലമാണിത്. ഇത്തരം സംഭവങ്ങളിൽ രാജ്യമൊന്നടങ്കം ആശങ്കയിലാണ്. നരഹത്യയും വിധ്വംസകപ്രവർത്തനങ്ങളും ശാരീരിക-മാനസിക പീഡനങ്ങളും വംശഹത്യയുമെല്ലാം സാധ്യമാണിവിടെ. ഒരാളുടെയും സ്വത്വവും ആശയവുമെല്ലാം ആർക്കും മാറ്റാനാകില്ലെന്നും എം.പി ചൂണ്ടിക്കാട്ടി.

''മുൻ പ്രധാനമന്ത്രി നോട്ടുനിരോധനത്തെക്കുറിച്ച് പറഞ്ഞത് വളരെ കൃത്യമാണ്. നോട്ടുനിരോധനം സംഘടിത കൊള്ളയും ഭീകര ദുരന്തവുമാണെന്നാണ് അന്ന് മൻമോഹൻ സിങ് പറഞ്ഞത്. അഴിമതി തടയുന്നതിലും സുതാര്യത ഉറപ്പാക്കുന്നതിലും വിപ്ലവകരമായ നീക്കമായിരുന്ന വിവരാവകാശ നിയമം പാസാക്കിയത് യു.പി.എ സർക്കാരിന്റെ കാലത്തായിരുന്നു. എന്നാൽ, അതിന്റെ ചിറകുകൾ അരിയുകയാണ് നിങ്ങൾ ചെയ്തത്. ദാരിദ്ര്യ നിർമാർജനത്തിൽ സുപ്രധാന നിയമനിർമാണമായ എം.ജി.എൻ.ആർ.ഇ.ജി.എ നടപ്പാക്കിയതും യു.പി.എ സർക്കാരിന്റെ കാലത്തായിരുന്നു.

രാജ്യത്തെ തന്നെ നിർണായക നാഴികക്കല്ലുകളിലൊന്നായ വിദ്യാഭ്യാസ അവകാശ നിയമവും കൊണ്ടുവന്നത് യു.പി.എയാണ്. യു.പി.എ കാലത്തും സ്വാതന്ത്ര്യത്തിനുശേഷവും നിരവധി സ്ഥാപനങ്ങകൾ സ്ഥാപിച്ചു.

കാർഷികരംഗത്തെക്കുറിച്ച് നിങ്ങൾ പറയുന്നുണ്ട്. കാർഷികരംഗത്തെ മുഴുവൻ മേഖലയിലും നിങ്ങൾ പരാജയപ്പെട്ടു. വർഗീയവിദ്വേഷത്തിന്റെ വിത്ത് വിളയിക്കുന്നതിൽ മാത്രമാണ് നിങ്ങൾ ജയിച്ചത്. ബിൽക്കീസ്ബാനു കേസിൽ സർക്കാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കേസിലെ പ്രതിക്കു ജയിലിൽനിന്നു പുറത്തിറങ്ങാനായതിൽ നിങ്ങൾക്ക് ഏറെ സന്തോഷമുള്ള ദിവസമായിരിക്കും ഇത്. പ്രതികളെ തിരിച്ചു ജയിലിലേക്കു തിരിച്ചയയ്ക്കാൻ സുപ്രിംകോടതി ഉത്തരവിട്ട ദിവസമായിരിക്കും നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസം.''

ഇന്ത്യ ഒന്നിച്ചുനിൽക്കേണ്ട സമയമാണ്. എന്നാൽ, രാജ്യത്ത് അനൈക്യം സൃഷ്ടിക്കുകയാണ് നിങ്ങളുടെ താൽപര്യം. സ്വയം തിരുത്തി ശരിയായ ദിശയിൽ സഞ്ചരിക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടാനുള്ളതെന്നും ഇ.ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.

Summary: Mosques and madrassas being demolished in Uttarakhand where Uniform Civil Code has been implemented: IUML leader ET Mohammed Basheer MP in Lok Sabha

TAGS :

Next Story