'എല്ലാം തകർത്തു തരിപ്പണമാക്കിയത് അരമണിക്കൂറിനുള്ളിൽ; പൊലീസ് കൊണ്ടുപോയത് 300 മുസ്‌ലിം യുവാക്കളെ'-ഹരിയാനയിലെ ഞെട്ടിക്കുന്ന അനുഭവങ്ങൾ പങ്കുവെച്ച് ഇ.ടി മുഹമ്മദ് ബഷീർ
വീടുകളും കടകളും തകർക്കപ്പെട്ടവർ ചെയ്ത കുറ്റമെന്താണെന്ന് പോലും പറയാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ സന്ദർശനം നടത്തിയ മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ പങ്കുവെക്കുന്നത് ഞെട്ടിക്കുന്ന അനുഭവങ്ങൾ. 300 യുവാക്കളെയാണ് പൊലീസ് കൊണ്ടുപോയത്. ഇവരിൽ 25 പേരെ മാത്രമാണ് വിട്ടയച്ചത്. ബാക്കിയുള്ളവർ എവിടെ എന്നത് സംബന്ധിച്ച് ഒരു വിവരവുമില്ല. കച്ചവടസ്ഥാപനങ്ങളിൽ ഭൂരിഭാഗവും തകർത്തു. അരമണിക്കൂറിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വീടുകളും കെട്ടിടങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർത്തതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്ന് ഉച്ച തിരിഞ്ഞത് മുതൽ ഹരിയാനയിലെ കലാപ ബാധിത പ്രദേശങ്ങളിലായിരുന്നു. ഒരുപാട് പേർ ഒന്നിച്ച് പുറന്തള്ളപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ ഞങ്ങൾ പോയി. ഇതുവരെ ഇല്ലാത്ത അനുഭവങ്ങൾ ആണ് എനിക്കുണ്ടായത്. കാരണം ഒരു കേന്ദ്രത്തിൽ ഞങ്ങൾ ചെന്ന സമയത്ത് അവിടെ ഏതാണ്ട് 300 ആൺകുട്ടികളെ പോലീസ് വന്ന് കൊണ്ട് പോയതായി അറിഞ്ഞു, അതിൽ 25 പേരെ വിട്ടയച്ചു. ബാക്കിയുള്ളവർ എവിടെ എന്നോ അവർക്ക് എന്താണ് സംഭവിച്ചത് എന്നോ ആർക്കുമറിയില്ല. അവരുടെ രക്ഷിതാക്കൾ ഇപ്പോഴും കരഞ്ഞ് കൊണ്ടിരിക്കുകയാണ്. ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കുന്നില്ല. മക്കൾ തിരിച്ചു വന്നാലേ ഞങ്ങൾക്ക് ഭക്ഷണം ഇറങ്ങുകയുള്ളു എന്ന് പറയുകയാണവർ.
അതിന് ശേഷം പോയത് അവിടെ ഒരു മെഡിക്കൽ കോളേജുണ്ട് അതിനടുത്തുള്ള ഒരു മാർക്കറ്റിലേക്കായിരുന്നു അവിടുത്തെ സ്ഥിതി അതിദയനീയമാണ്. അവിടുത്തെ കച്ചവട സ്ഥാപനങ്ങൾ മുഴുവൻ അവർ തല്ലിത്തകർത്തിരിക്കുകയാണ്. അറുപത്തഞ്ചോളം കുടുംബങ്ങളാണ് വഴിയാധാരമായിരിക്കുന്നത്. ഇവിടുത്തെ ആളുകൾ പറയുന്നത് , ഞങ്ങളെ ഉടുതുണിക്ക് ഒരു മറുതുണി ഉടുക്കാൻ പോലും സമ്മതിക്കാത്ത വിധത്തിൽ അരമണിക്കൂറിനുള്ളിൽ ഒഴിഞ്ഞ് കൊടുക്കണമെന്ന ഉത്തരവ് ഇറക്കിവിടുകയായിരുന്നു. അതിന്റെ ഫലമായി ആവശ്യസാധനങ്ങൾ പോലും എടുക്കാൻ സാധിക്കാതെ ജീവനോപാധി എല്ലാം ഇട്ടെറിഞ്ഞു പോരുകായാണുണ്ടായത്. അപ്പോഴേക്ക് ബുൾഡോസർ വന്ന് എല്ലാം തകർത്ത് തരിപ്പണമാക്കി.
എല്ലാ സ്ഥലങ്ങളിലെയും സ്ഥിതി ഇത് തന്നെയാണ്. പല സ്ഥലങ്ങളിലും ആക്രികൾ മാത്രം കൂടി നിൽക്കുന്ന കാഴ്ചയാണുള്ളത്. അവിടെയെല്ലാം ഉണ്ടായിരുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ വലിയ തോതിൽ തകർക്കപ്പെട്ടു. മറ്റൊരു കാര്യം ഇങ്ങനെ കൊണ്ട് പോയ ആളുകളുടെയും വീടുകൾ തകർക്കപ്പെട്ടവരും ചെയ്ത കുറ്റം എന്താണെന്ന് പോലും പറയാൻ പോലീസ് തയ്യാറായിട്ടില്ല. തകർക്കപ്പെട്ട ഷോപ്പുകളുടെ ഉടമസ്ഥരെ കണ്ടു. ആദ്യം അവരൊന്നും പറയാൻ കൂട്ടാക്കിയില്ല ഉള്ളിലുള്ള ഭയം കൊണ്ടാവാം. കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗിന്റെ എം.പിയാണെന്നും കാര്യങ്ങൾ അറിയാൻ വേണ്ടി വന്നതാണെന്നും പറഞ്ഞപ്പോൾ ഭയത്തോട് കൂടിയാണെങ്കിലും അവർ ചിലതെല്ലാം പറഞ്ഞു.
യഥാർത്ഥത്തിൽ അവിടെ ഗവണ്മെന്റ് സ്‌പോൺസേർഡ് ഹത്യകളാണ് നടക്കുന്നത് . സാഹചര്യങ്ങൾ ഇത്രയും വഷളാക്കിയതും അവരാണ്. മറ്റൊരു കാര്യം ആ ജനതയുടെ ഒരു പ്രത്യേക സംസ്കാരമാണ്. മേവാത്ത് അടക്കമുള്ള ഈ പ്രദേശങ്ങൾ ഇന്ത്യ- പാക്കിസ്ഥാൻ വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയിൽ ഉറച്ച് നിന്നു. അതിൽ മഹാത്മാഗാന്ധിക്ക് അവരോട് വളരെ ഇഷ്ടം തോന്നി ഗാന്ധി അവരോട് പറഞ്ഞു നിങ്ങൾ എങ്ങോട്ടും പോവണ്ട നിങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന്. ഗാന്ധിജിക്ക് അത്രക്ക് ഇഷ്ടമായിരുന്നു അവരെ.
ഇതിൽ ഏറ്റവും വിചിത്രമായൊരു കാര്യം ഞാൻ തന്നെ പാർലിമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട് . അത് മുസ്ലിമീങ്ങളെ വംശനാശം നടത്താൻ വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ട് ഇന്ത്യയിൽ പല കാര്യങ്ങളും നടന്ന് വരുന്നുണ്ട് . അവരുടെ ജീവനോപാധികളെ തകർക്കുക, അവർ പരമ്പരാഗതമായി നടത്തി കൊണ്ടിരുന്ന കച്ചവടങ്ങൾ പോലും തട്ടി പറിച്ചെടുക്കുക എന്നി കാര്യങ്ങൾ ഗൗരവമായി കാണേണ്ടതാണ് എന്ന്.
ഹിന്ദു ന്യൂസ്പേപ്പറിൽ വന്ന ഒരു ലേഖനത്തിൽ പറഞ്ഞത് "Economic boycott of minorities" എന്നവർ തലക്കെട്ട് കൊടുത്തു അതിൽ പറഞ്ഞു New style of untouchability തൊഴിലെടുത്ത് ജീവിക്കുന്ന ആളുകളുടെ ബോധപൂർവമായി നശിപ്പിക്കാൻ വേണ്ടിയിട്ടുള്ള സാമ്പത്തിക അജണ്ടയും ഗൗരവമായി ഇപ്പോൾ നടന്ന് കൊണ്ടിരിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ ഗവണ്മെന്റ് അലംഭാവം കാണിക്കുകയാണെങ്കിൽ അതിന് കൊടുക്കേണ്ടി വരുന്ന വില വലുതാണ്.
ഇന്ത്യ പോലൊരു രാജ്യത്ത് ഒരു ജനവിഭാഗത്തെ ഇതുപോലെ ശത്രു പാളയത്തിൽ നിർത്തി അവരെ ദ്രോഹിക്കുന്ന പ്രവണത എന്ത് കൊണ്ടും എതിർക്കപ്പെടേണ്ടതാണ്. അവിടെ നിന്നും ഒരു ഉമ്മ പറഞ്ഞത് എന്റെ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നെങ്കിലും എന്നോട് പറഞ്ഞു തരണം എന്നാണ് .ഞാൻ അവരോട് കൃത്യമായി പറഞ്ഞു ഞങ്ങൾ വന്നത് നിങ്ങളെ കേൾക്കാനും ഇവിടുത്തെ കാര്യങ്ങൾ കൃത്യമായിട്ട് മനസ്സിലാക്കാനുമാണ്. മാത്രമല്ല ഞങ്ങൾ തിരിച്ച് പോയി ഈ കാര്യങ്ങൾ വിശകലനം ചെയ്ത് ഗവൺമെന്റിന് മുന്നിൽ സമർപ്പിക്കുകയും ചെയ്യും.
ഇതിനെതിരെ പോരാടാൻ ഞങ്ങൾ മുന്നിലുണ്ടാവുമെന്നും അവരോട് പറഞ്ഞു. നീതി നിഷേധിക്കപ്പെടുന്ന ഇത്തരം ജന വിഭാഗത്തിന് വേണ്ടി പൊരുതാൻ എന്നും മുസ്ലിം ലീഗ് മുന്നിലുണ്ടാവും. ഞങ്ങളുടെ കൂടെ ജമാഅത്തെ ഇസ്ലാമി കേരള അമീർ മുജീബ് റഹ്‌മാനും സംഘവുമുണ്ടായിരുന്നു.
Adjust Story Font
16