'മുഴുവൻ ബലാത്സംഗക്കേസ് പ്രതികളും ഇനി ശിക്ഷയിളവിന് അപേക്ഷിക്കും'; വിമർശനവുമായി ബിൽക്കീസ് ബാനുവിന്റെ അഭിഭാഷക
ആഗസ്റ്റ് 15-നാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ചതിനെതിരെ ബിൽക്കീസ് ബാനുവിന്റെ അഭിഭാഷക ശോഭാ ഗുപ്ത. കൊലപാതകത്തിനും ബലാത്സംഗത്തിനും ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികളും ഇനി ശിക്ഷയിളവിന് അപേക്ഷിക്കുമെന്ന് അവർ പറഞ്ഞു. കുറ്റകൃത്യത്തിന്റെ മൊത്തത്തിലുള്ള ഗൗരവം പരിശോധിക്കാതെയാണ് പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.
എല്ലാ പീഡനക്കേസ് പ്രതികളും 14 വർഷത്തെ തടവിനു ശേഷം ഇനി മോചനത്തിന് അപേക്ഷിക്കുമെന്നാണ് തോന്നുന്നത്. ഈ കേസിൽ പ്രതികളെ വിട്ടയച്ച സാഹചര്യത്തിൽ മറ്റു പീഡനക്കേസ് പ്രതികൾക്കും മോചനം ആവശ്യപ്പെടുന്നതിന് എന്താണ് തടസ്സമെന്ന് ശോഭാ ഗുപ്ത ചോദിച്ചു. പ്രതികളെ വിട്ടയച്ച തീരുമാനം നിയമപരമായി ശരിയല്ലെന്നും കുറ്റവാളികളെ വിട്ടയക്കുന്ന 1992ലെ നയം ഇപ്പോൾ നിലവിലില്ലെന്നും അവർ പറഞ്ഞു.
ആഗസ്റ്റ് 15-നാണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബിൽക്കീസ് ബാനുവിന്റെ ഒരു ചെറിയ കുഞ്ഞിനെ നിലത്തടിച്ച് കൊന്ന പ്രതികൾ കുടുംബത്തിലെ ഏഴുപേരെയാണ് അന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.
Adjust Story Font
16