അഴിമതിക്കേസില്‍ ആന്ധ്ര മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അറസ്റ്റില്‍
2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്
ചന്ദ്രബാബു നായിഡു
ഹൈദാരാബാദ്: അഴിമതിക്കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍.ചന്ദ്രബാബു നായിഡു അറസ്റ്റില്‍. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.നായിഡുവിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
നന്ദ്യാൽ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെയും (സിഐഡി) നേതൃത്വത്തിൽ വലിയൊരു സംഘം പൊലീസ് സംഘം പുലർച്ചെ 3 മണിയോടെ നഗരത്തിലെ ആർകെ ഫംഗ്‌ഷൻ ഹാളിലുള്ള നായിഡുവിനെ കസ്റ്റഡിയിലെടുക്കാൻ എത്തുകയായിരുന്നു. നന്ദ്യാല നഗരത്തിൽ പൊതുയോഗത്തിന് ശേഷം തന്‍റെ കാരവാനിൽ വിശ്രമിക്കുകയായിരുന്നു നായിഡു.
എന്നാൽ, വൻതോതിൽ തടിച്ചുകൂടിയ ടിഡിപി പ്രവർത്തകരിൽ നിന്ന് പൊലീസിന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. നായിഡുവിന് കാവൽ നിൽക്കുന്ന എസ്പിജി സേന പോലും പൊലീസിനെ അനുവദിച്ചില്ല.ഒടുവിൽ, രാവിലെ 6 മണിയോടെ പൊലീസ് നായിഡുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എപി സ്‌കിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ അഴിമതിക്കേസിലെ ഒന്നാം പ്രതിയായ നായിഡുവിനെ അറസ്റ്റ് ചെയ്യുകയാണെന്ന് ഡി.ഐ.ജി പറഞ്ഞു. അതിനു ശേഷം അറസ്റ്റ് വാറണ്ട് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത നായിഡുവിനെ വിജയവാഡയിലേക്ക് മാറ്റും. കേസുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും വസ്തുക്കളും കോടതിയിൽ നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.തന്നെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ചന്ദ്രബാബു നായിഡു അടുത്തിടെ പറഞ്ഞിരുന്നു.
Adjust Story Font
16