Quantcast

കൊഴി‍ഞ്ഞുപോക്ക് തുടരുന്നു; ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയടക്കം 50 മുതിർന്ന നേതാക്കൾ കോൺ​ഗ്രസ് വിട്ടു

കൂട്ട രാജിക്കത്ത് ഇവർ കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കൈമാറി.

MediaOne Logo

Web Desk

  • Published:

    30 Aug 2022 8:43 AM GMT

കൊഴി‍ഞ്ഞുപോക്ക് തുടരുന്നു; ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയടക്കം 50 മുതിർന്ന നേതാക്കൾ കോൺ​ഗ്രസ് വിട്ടു
X

ശ്രീന​ഗർ: നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കോൺ​ഗ്രസിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. രാജിവച്ച മുതിർന്ന നേതാവും മുൻ രാജ്യസഭാ പ്രതിപക്ഷനേതാവുമായിരുന്ന ​ഗുലാം നബി ആസാദിനെ പിന്തുണച്ച് കശ്മീരിലെ 50 നേതാക്കൾ പാർട്ടി വിട്ടു. ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് ഉൾപ്പെടെയുള്ള 50 മുതിർന്ന നേതാക്കളാണ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചത്.

കൂട്ട രാജിക്കത്ത് ഇവർ കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കൈമാറി. മുൻ മന്ത്രിമാരായ അബ്ദുൽ മജീദ് വാനി, മനോഹർ ലാൽ ശർമ, ​ഗാരു റാം, മുൻ എം.എൽ.എ ബൽവാൻ സിങ് തുടങ്ങിയവരാണ് പാർട്ടി വിട്ടത്. വാർത്താസമ്മേളനത്തിലാണ് നേതാക്കൾ തങ്ങളുടെ രാജി പ്രഖ്യാപിച്ചത്.

​'ഗുലാം നബി ആസാദിനെ പിന്തുണച്ച് ഞങ്ങൾ കൂട്ട രാജിക്കത്ത് പാർട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്'- എന്ന് ബൽവാൻ സിങ് പറഞ്ഞു. ഇവർക്ക് മുമ്പ് സംസ്ഥാനത്തെ ചെറുതും വലുതുമായ നിരവധി കോൺ​ഗ്രസ് നേതാക്കൾ രാജിവച്ചിരുന്നു. ഇതിൽ മുൻ മന്ത്രിമാരും എം.എൽ.എമാരും പഞ്ചായത്ത്, മുനിസിപ്പൽ കോർപറേഷൻ അ​ഗങ്ങളും ബ്ലോക്ക്, ജില്ലാ തല നേതാക്കളും ഉൾപ്പെടുന്നു.

തെലങ്കാനയിലെ മുതിർന്ന നേതാവ് എം.എം ഖാൻ കഴിഞ്ഞദിവസം കോൺ​ഗ്രസിൽ നിന്ന് രാജിവച്ചിരുന്നു. മുൻ രാജ്യസഭാം​ഗമായ ഖാൻ, പഴയ പ്രതാപം വീണ്ടെടുക്കാനും രാജ്യത്തെ മുന്നോട്ടു നയിക്കാനും കഴിയുമെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കോൺ​ഗ്രസ് പാർട്ടി പൂർണമായും പരാജയപ്പെട്ടതായി സോണിയാ ​ഗാന്ധിക്കയച്ച കത്തിൽ വ്യക്തമാക്കി. പാർട്ടിയുടെ പതനത്തിന് കാരണം രാഹുൽ ​ഗാന്ധിയാണെന്നും ഖാൻ കുറ്റപ്പെടുത്തിയിരുന്നു.

‌കഴിഞ്ഞയാഴ്ചയാണ് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവും മുൻ രാജ്യസഭാം​ഗവും പ്രതിപക്ഷനേതാവും കശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ​ഗുലാം നബി ആസാദ് പാർട്ടി വിട്ടത്. ഇദ്ദേഹത്തോടൊപ്പം കശ്മീരിലെ അഞ്ച് മുൻ എം.എൽ.എമാരും പാർട്ടി വിട്ടിരുന്നു. ആസാദ് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ മാസം ആദ്യം തെലങ്കാനയില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എയും മുതിര്‍ന്ന നേതാവും പാര്‍ട്ടി വിട്ടിരുന്നു. എം.എല്‍.എയായ കോമട്ടി റെഡ്ഡി രാജഗോപാലയും മുതിര്‍ന്ന നേതാവായ ദസോജു ശ്രാവണുമായിരുന്നു രാജിവച്ചത്. അതിനു മുമ്പ് മറ്റൊരു പ്രമുഖനും മുതിർന്ന നേതാവുമായ കബിൽ സിബലും കോൺ​ഗ്രസിൽ നിന്ന് രാജി വച്ചിരുന്നു.

TAGS :

Next Story