Quantcast

കർണാടകയിലെ മുൻ ബി.ജെ.പി മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ

ലിംഗായത്ത് സമുദായത്തിൽ നിർണായക സ്വാധീനമുള്ള ഷെട്ടാർ പാർട്ടി വിടുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്.

MediaOne Logo

Web Desk

  • Updated:

    2023-04-17 04:24:12.0

Published:

17 April 2023 4:21 AM GMT

EX Karnataka CM Jagadish Shettar joined congress
X

Jagadish Shettar

ബംഗളൂരു: കർണാടകയിലെ മുൻ ബി.ജെ.പി മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ ചേർന്നു. ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം കഴിഞ്ഞ ദിവസം എം.എൽ.എ സ്ഥാനം രാജിവെച്ചിരുന്നു. ഇന്ന് രാവിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കോൺഗ്രസിൽ ചേർന്നതായി പ്രഖ്യാപിച്ചത്.

ദീർഘകാലം എം.എൽ.എയും മുഖ്യമന്ത്രിയുമായിരുന്ന ഷെട്ടാർ കർണാടക രാഷ്ട്രീയത്തിലെ കരുത്തനായ നേതാവാണ്. ലിംഗായത്ത് സമുദായത്തിൽ നിർണായക സ്വാധീനമുള്ള ഷെട്ടാർ പാർട്ടി വിടുന്നത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ പാർട്ടി വിട്ട നേതാക്കൾക്ക് ജനസമ്മിതിയില്ല തുടങ്ങിയ ന്യായീകരണങ്ങൾ പറഞ്ഞാണ് ബി.ജെ.പി നേതൃത്വം പിടിച്ചുനിന്നിരുന്നത്. എന്നാൽ ശക്തമായ ജനകീയ അടിത്തറയുള്ള ഷെട്ടാറിന്റെ കൂടുമാറ്റം ബി.ജെ.പി പൂർണമായും പ്രതിരോധത്തിലാക്കും.

ഷെട്ടാറിനെ പിന്തിരിപ്പിക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം തന്നെ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കർണാടക തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ധർമേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവർ ശനിയാഴ്ച രാത്രി ഷെട്ടാറുമായി ചർച്ച നടത്തിയിരുന്നു. ഷെട്ടാർ ഇന്ന് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് ഷെട്ടാർ പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. ഹുബ്ബള്ളി-ധർവാഡ് മണ്ഡലത്തിൽ ഷെട്ടാർ കോൺഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് വിവരം. ആറു തവണ ബി.ജെ.പി ടിക്കറ്റിൽ എം.എൽ.എ ആയിട്ടുള്ള ഷെട്ടാർ മുഖ്യമന്ത്രി, പാർട്ടി സംസ്ഥാന അധ്യക്ഷൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

TAGS :

Next Story