Quantcast

ശിവരാജ് സിങ് ചൗഹാൻ ഒഴിഞ്ഞ മണ്ഡലത്തിൽ മുൻ എംഎൽഎക്കായി ഒരു വിഭാഗം; മധ്യപ്രദേശിൽ ബിജെപിക്ക് തലവേദന

മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൻ ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് ബുധ്‌നിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-10-23 13:19:34.0

Published:

23 Oct 2024 1:17 PM GMT

ശിവരാജ് സിങ് ചൗഹാൻ ഒഴിഞ്ഞ മണ്ഡലത്തിൽ മുൻ എംഎൽഎക്കായി ഒരു വിഭാഗം; മധ്യപ്രദേശിൽ ബിജെപിക്ക് തലവേദന
X

ഭോപാൽ: മധ്യപ്രദേശിലെ ബുധ്‌നി നിയമസഭാ ഉപതെരഞ്ഞടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് തലവേദനയായി പാളയത്തിൽ പട. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൻ ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടർന്നാണ് ബുധ്‌നിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അനിവാര്യമായത്.

മുന്‍ എംപി രമാകാന്ത് ഭാർഗവയേയാണ് ബിജെപി ബുധ്‌നിയിലേക്ക് നിശ്ചയിച്ചത്. എന്നാൽ ഭാർഗവയെ പിൻവലിച്ച് മുൻ എംഎൽഎ രാജേന്ദ്ര സിങിനെ പരിഗണിക്കണം എന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്ന പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യം പരിഗണിച്ചില്ലെങ്കിൽ നോട്ടക്ക് വോട്ട് ചെയ്യുമെന്നാണ് ഇവരുടെ ഭീഷണി. ഭേരുണ്ഡ പട്ടണത്തില്‍ രാജേന്ദ്ര സിങിന്റെ അനുയായികളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ആവശ്യം പരിഗണിച്ചില്ലെങ്കിൽ നോട്ടക്ക് വോട്ട് ചെയ്യുമെന്ന് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

രാജേന്ദ്രസിങും ഈ യോഗത്തിനെത്തിയിരുന്നു. യോഗം കൂടുന്നുണ്ടെന്ന് അറിഞ്ഞ് മുൻ മന്ത്രി രാംപാൽ സിങ്ങും സ്ഥലത്തെത്തി. രാജേന്ദ്ര സിങിന്റെ അനുയായികൾ മുന്‍ മന്ത്രിക്ക് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചു. പ്രവർത്തകരുടെ ആവശ്യം മുതിർന്ന നേതാക്കളെ അറിയിക്കുമെന്ന് പിന്നീട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ രാംപാൽ സിങ് പറഞ്ഞു. അതേസമയം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് യോഗത്തിനെത്തിയത് എന്നാണ് രാജേന്ദ്ര സിങ് പറയുന്നത്.

കഴിഞ്ഞയാഴ്ചയാണ് ഭാർഗവയെ ബുധ്‌നിയിലേക്ക് നിശ്ചയിച്ചത്. വിദിഷ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ശിവരാജ് സിങ് ചൗഹാൻ വിജയിച്ച് എംപിയായത്. ഇപ്പോൾ കേന്ദ്ര കൃഷി മന്ത്രി കൂടിയായ ശിവരാജ് സിങ് ചൗഹൻ, അഞ്ച് തവണയാണ് ബുധ്‌നി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയത്. ചൗഹാനുമായി ഏറെ അടുപ്പമുള്ള നേതാവാണ് ടിക്കറ്റ് ലഭിച്ച ഭാർഗവ. വിദിഷ ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലമാണ് ബുധ്‌നി.

2003ലാണ് ബുധ്‌നിയിൽ നിന്നും രാജേന്ദ്രസിങ് എംഎൽഎ ആയത്. 2005ൽ അദ്ദേഹം രാജിവെച്ചു. ശിവരാജ് സിങ് ചൗഹാന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ വേണ്ടിയാണ് അദ്ദേഹം വഴിമാറിക്കൊടുത്തത്. ആ സമയം ചൗഹൻ എംപിയായിരുന്നു. അതേസമയം അവസരം മുതലെടുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. മുൻ മന്ത്രി രാജ്കുമാർ പട്ടേലിനെയാണ് കോൺഗ്രസ് ഇവിടെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്. അതൃപ്തി വോട്ടാക്കി മാറ്റാനാകുമോ എന്നാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നോക്കുന്നത്. നവംബര്‍ 13നാണ് ഉപതെരഞ്ഞെടുപ്പ്.

TAGS :

Next Story