Quantcast

നെഹ്‌റുവില്ല; ചരിത്രകൗൺസിലിന്റെ സ്വാതന്ത്ര്യ ആഘോഷ പോസ്റ്ററിൽ സവർക്കറും മാളവ്യയും

ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററിൽ നിന്നാണ് നെഹ്‌റുവിനെ ഒഴിവാക്കിയത്

MediaOne Logo

Web Desk

  • Published:

    29 Aug 2021 4:47 AM GMT

നെഹ്‌റുവില്ല; ചരിത്രകൗൺസിലിന്റെ സ്വാതന്ത്ര്യ ആഘോഷ പോസ്റ്ററിൽ സവർക്കറും മാളവ്യയും
X

ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കല്‍ റിസർച്ച് (ഐസിഎച്ച്ആർ) പുറത്തിറക്കിയ പോസ്റ്ററിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പുറത്ത്. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ പോസ്റ്ററിൽ നിന്നാണ് നെഹ്‌റുവിനെ ഒഴിവാക്കിയത്.

മഹാത്മാഗാന്ധി, നേതാജി സുഭാഷ് ചന്ദ്രബോസ്, ഭഗത് സിങ്, ബിആർ അംബേദ്കർ, ഡോ. രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭ്ഭായി ബട്ടേൽ, മദൻ മോഹൻ മാളവ്യ എന്നിവർക്കൊപ്പം സവർക്കറും ഇടം പിടിച്ചു. എന്നാൽ ചരിത്രകൗൺസിലിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്ററിനെതിരെ കോൺഗ്രസ് രംഗത്തെത്തി.



നെഹ്‌റുവിന്റെ സംഭാവനകളെ തമസ്‌കരിച്ചിട്ടില്ലെന്ന് ഐസിഎച്ച്ആർ പ്രതികരിച്ചു. 'ആരുടെയും പങ്ക് (സ്വാതന്ത്ര്യത്തിൽ) കുറച്ചുകാണിച്ചിട്ടില്ല. ഇതുപോലുള്ള നിരവധി പേജുകൾ ഉണ്ടാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമരത്തിൽ പ്രാധാന്യം കുറച്ചു കാണിച്ചവരെ കൂടി മുൻനിരയിൽ കൊണ്ടുവരേണ്ടതുണ്ട്. സവർക്കർ പത്തു വർഷമാണ് ജയിലിൽ കഴിഞ്ഞത്. എന്നാൽ അതോർക്കപ്പെടുന്നില്ല'- ഐസിഎച്ച്ആർ ഡയറക്ടർ ഓം ജീ ഉപാധ്യായ ടൈംസ് നൗവിനോട് പറഞ്ഞു.

അതേസമയം, ബിജെപിക്ക് തെരഞ്ഞെടുത്ത സ്മൃതിഭ്രംശമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പ്രതികരിച്ചു. ഇത് നിന്ദ്യം മാത്രമല്ല, സമ്പൂർണമായി ചരിത്രനിരാസം കൂടിയാണ്. ഒരിക്കൽക്കൂടി ഐസിഎച്ച്ആർ ചരിത്രത്തിന് കളങ്കമുണ്ടാക്കിയിരിക്കുന്നു. ഇതൊരു ശീലമാക്കി മാറ്റിയിരിക്കുകയാണ്- തരൂർ ആരോപിച്ചു. തീരുമാനത്തെ ദാരുണം എന്നാണ് മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വിശേഷിപ്പിച്ചത്.

TAGS :

Next Story