വ്യാജ ഏറ്റുമുട്ടൽ: പൊലീസ് ഉദ്യോഗസ്ഥരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബോംബെ ഹൈക്കോടതി
വ്യാജ ഏറ്റുമുട്ടലിൽ മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്
പ്രദീപ് രാമേശ്വർ ശർമ്മ
മുംബൈ: അധോലോക തലവൻ ഛോട്ടോ രാജന്റെ അനുയായിയാണെന്ന് ആരോപിച്ച് രാംനാരായണ ഗുപ്ത എന്ന ലഖൻ ഭയ്യയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതിന് മുംബൈ പൊലീസിലെ മുൻ 'എൻകൗണ്ടർ സ്പെഷലിസ്റ്റ്' പ്രദീപ് രാമേശ്വർ ശർമ്മ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബോംബെ ഹൈക്കോടതി. വ്യാജ ഏറ്റുമുട്ടലിൽ മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടുന്ന ആദ്യ കേസാണിത്.
2006 നവംബറിലാണ് കേസിനാസ്പദമായ സംഭവം. ലഖൻ ഭയ്യയെ വെർസോവയിലെ നാനാ നാനി പാർക്കിൽ നടന്ന വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ 13 പൊലീസുകാരുള്‍പ്പെടെ 22 പേര്‍ക്കെതിരേയാണ് കൊലക്കുറ്റത്തിന് കേസെടുത്തിരുന്നത്. 21 പ്രതികളില്‍ രണ്ടുപേര്‍ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടു. 2013ല്‍ സെഷന്‍സ് കോടതി തെളിവില്ലെന്നു പറഞ്ഞ് പ്രദീപ് ശർമ്മയെ വെറുതെ വിടുകയും 21 പ്രതികളെ കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍, ബോംബെ ഹൈക്കോടതി 13 പേര്‍ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ ശരിവച്ചു. മറ്റ് ആറ് പ്രതികളുടെ ശിക്ഷ റദ്ദാക്കിയ കോടതി അവരെ വെറുതെ വിടുകയും ചെയ്തു. മറ്റൊരു ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് സൂര്യവംശി ഉൾപ്പെടെയുള്ളവരെയാണ് ശിക്ഷിച്ചത്.
2008 ഫെബ്രുവരിയിൽ ഹൈക്കോടതി സംഭവത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2008 ആഗസ്റ്റ് 11ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് റിപ്പോർട്ട് സമർപ്പിച്ചു. ഏറ്റുമുട്ടൽ വ്യാജമാണെന്നും അതിക്രൂരമായ കൊലപാതകമാണെന്നും വിലയിരുത്തി. 2009 സെപ്തംബർ 13ന് ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും വിഷയം അന്വേഷിക്കാൻ അന്നത്തെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ.എം.എം പ്രസന്നയെ നിയമിക്കുകയും ചെയ്തു.
2010 ഏപ്രിൽ 3ന്, എസ്.ഐ.ടി 22 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ലഖൻ ഭയ്യയുമായി റിയൽ എസ്റ്റേറ്റ് ഏജന്റ് ജനാർദൻ ഭംഗേക്ക് ചില ഭൂമി ഇടപാടുകളിൽ തർക്കം ഉണ്ടായിരുന്നു. എതിരാളിയെ ഇല്ലാതാക്കാൻ ശർമ്മയ്ക്കും സൂര്യവംശിക്കും ജനാർദനൻ കരാർ നൽകി. കേസിലെ നിർണായക സാക്ഷിയായ ഭേദയെ 2011 മാർച്ചിൽ കാണാതാവുകയും പിന്നീട് താനെയിലെ മനോർ പ്രദേശത്തുനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയും ചെയ്തതായും കുറ്റപത്രത്തിലുണ്ടായിരുന്നു.
25 വർഷത്തെ സേവനത്തിനിടെ 112 ഗുണ്ടാസംഘങ്ങളെ കൊലപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന, 1983 ബാച്ച് മഹാരാഷ്ട്ര പൊലീസ് ഉദ്യോഗസ്ഥനാണ് പ്രദീപ് രാമേശ്വർ ശർമ്മ. അധോലോകവുമായുള്ള ബന്ധത്തിനും 3000 കോടി രൂപയിലധികം സമ്പാദിച്ചുവെന്നുമുള്ള ആരോപണത്തെ തുടർന്ന് 2008-ൽ ഇദ്ദേഹത്തെ സർവീസിൽനിന്ന് പുറത്താക്കിയിരുന്നു. 2009-ൽ ആരോപണങ്ങളിൽ നിന്ന് മുക്തനാകുകയും വീണ്ടും സർവീസിൽ തിരിച്ചെടുക്കുകയും ചെയ്‌തു.
എന്നാൽ, ലഖൻ ഭയ്യ വധവുമായി ബന്ധപ്പെട്ട് 2010 ജനുവരിയിൽ അറസ്റ്റിലായി വീണ്ടും പിരിച്ചുവിട്ടു. 2013-ൽ കുറ്റവിമുക്തനാക്കിയ ശേഷം, ആന്റിലിയ ബോംബ് ഭീഷണി കേസിലും 2021-ൽ മൻസുഖ് ഹിരൺ വധക്കേസിലും ശർമ്മ വീണ്ടും അറസ്റ്റിലായി. എന്നാൽ, കഴിഞ്ഞ വർഷം സുപ്രിംകോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
Adjust Story Font
16