Quantcast

മാളിൽ മുണ്ട് ധരിച്ചെത്തിയ വൃദ്ധകർഷകനെ അകത്ത് കയറ്റാതെ മാനേജ്‌മെന്റ്; പാന്റ്‌സ് ഇട്ട് വരാൻ നിർദേശം

പിതാവിനെ മൾട്ടിപ്ലക്‌സ് തിയേറ്ററിൽ സിനിമ കാണിക്കണമെന്ന ആഗ്രഹം കൊണ്ടാണ് മാളിലെത്തിയതെന്ന് മകൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    17 July 2024 12:22 PM GMT

Farmer denied entry to mall for wearing dhoti in Karnataka
X

ബെംഗളൂരു: മകനൊപ്പം മാളിലെ തിയേറ്ററിൽ മുണ്ടും ജുബ്ബയും ധരിച്ച് എത്തിയ കർഷകനെ അകത്തുകയറ്റാതെ മാനേജ്‌മെന്റ്. കർണാടകയിലലെ മഗാഡി മെയിൻ റോഡിലെ ജി.ടി മാളിൽ ചൊവ്വാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. മകൻ നാഗരാജിനൊപ്പം മൾട്ടിപ്ലക്‌സ് തിയേറ്ററിൽ സിനിമ കാണാനെത്തിയ ഫക്കീരപ്പൻ എന്ന കർഷകനാണ് വസ്ത്രധാരണത്തിന്റെ പേരിൽ ദുരനുഭവം ഉണ്ടായത്.

ജുബ്ബയും മുണ്ടും ടർബനുമായിരുന്നു വയോധികന്റെ വേഷം. എന്നാൽ ഇതൊന്നും ധരിച്ച് മാളിനുള്ളിലേക്ക് കയറാനാവില്ലെന്ന് അധികൃതർ പറയുകയായിരുന്നു. അധികൃതരുടെ മോശം സമീപനം ചോദ്യം ചെയ്ത മകൻ നാഗരാജിനോട്, പിതാവിനെ കൊണ്ടുപോയി പാന്റ്‌സ് ഇടീപ്പിച്ച് വരാനായിരുന്നു ഇവരുടെ മറുപടി.

പിതാവിനെ മൾട്ടിപ്ലക്‌സ് തിയേറ്ററിൽ സിനിമ കാണിക്കണമെന്ന ആഗ്രഹം കൊണ്ടാണ് മാളിലെത്തിയതെന്ന് നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു. ആളുകളോട് വസ്ത്രധാരണത്തിന്റെ പേരിൽ വിവേചനം കാണിക്കുന്നത് തെറ്റാണെന്ന് ഫക്കീരപ്പൻ പറഞ്ഞു. ഗ്രാമത്തിൽ നിന്നുള്ള ആളുകൾ എങ്ങനെയാണ് സിനിമ കാണാൻ മുണ്ട് ഉപേക്ഷിച്ച് പാന്റ്‌സ് ധരിച്ച് വരികയെന്നും അദ്ദേഹം ചോദിച്ചു.

സംഭവത്തിൽ ഫക്കീരപ്പന് ഐക്യദാർഢ്യം അർപ്പിച്ചും മാൾ മാനേജ്‌മെന്റ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും സാമൂഹികപ്രവർത്തകർ പ്രതിഷേധിച്ചു. മുണ്ട് ധരിച്ച് മാളിലെത്തിയായിരുന്നു ഇവരുടെ പ്രതിഷേധം. ഇതോടെ, കർഷകനോട് മാപ്പ് പറഞ്ഞ് മാൾ അധികൃതർ രംഗത്തെത്തി.

വിദ്യാഭ്യാസത്തിൻ്റെ മൂല്യം തനിക്കറിയാമെന്നും എന്നാൽ താൻ മുറുകെപ്പിടിച്ച സംസ്‌കാരത്തെ കൈവിടാനാകില്ലെന്നും ഫക്കീരപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. 'എൻ്റെ അഞ്ച് മക്കളെയും ഞാൻ പഠിപ്പിച്ചു. അവർ ഇപ്പോൾ നല്ല നിലയിലാണ്. എന്നാൽ എനിക്ക് എൻ്റെ സംസ്കാരവും വസ്ത്രധാരണ രീതിയും ഉപേക്ഷിച്ച് ഒരു മാളിൽ പോകാൻ മാത്രമായി പാൻ്റ്സ് ധരിക്കാനാവില്ല. നമ്മുടെ സംസ്ഥാനത്ത് ആളുകൾക്ക് അവരുടെ വസ്ത്രധാരണ രീതിയെയും സംസ്കാരത്തെയും കുറിച്ച് അപകർഷത തോന്നുന്നത് സങ്കടകരമാണ്'- അദ്ദേഹം വിശദമാക്കി.

TAGS :

Next Story