Quantcast

'കാശി-മഥുര തർക്കം പരിഹരിക്കാൻ ഫാസ്റ്റ്‍ട്രാക്ക് കോടതികൾ ആരംഭിക്കണം'; ആവശ്യവുമായി ഹിന്ദുത്വ സംഘടനകൾ

മണിപ്പൂരിലും മിസോറമിലും ക്രിസ്ത്യൻ രാഷ്ട്രങ്ങൾ രൂപീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഹിന്ദു ജനജാഗ്രതി സമിതി സമ്മേളനം ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    1 Dec 2024 4:09 PM GMT

Hindu groups call for fast-track courts for Shahi Eidgah-Mathura and Gyanvapi Mosque-Kashi temple disputes, Hindu Janajagruti Samiti, Balaji Dham temple, Vrindavan, Mathura, UP
X

ലഖ്‌നൗ: സംഭൽ-അജ്മീർ ദർഗ അവകാശവാദങ്ങൾ ശക്തമാകുന്നതിനിടെ പുതിയ ആവശ്യവുമായി ഹിന്ദുത്വ സംഘടനകൾ. ഫാസ്റ്റ്‍ട്രാക്ക് കോടതികള്‍ ആരംഭിച്ച് കാശി-മഥുര തർക്കങ്ങളിൽ ത്വരിതഗതിയിൽ വാദം കേൾക്കണമെന്നാണ് ആവശ്യം. യുപി മഥുരയിലെ വൃന്ദാവനത്തിൽ നടന്ന ഹിന്ദു ജനജാഗ്രതി സമിതി സമ്മേളനത്തിലാണ് ആവശ്യമുയർന്നത്.

വൃന്ദാവനത്തിലെ ബാലാജി ധം ക്ഷേത്ര സമുച്ചയത്തിലാണ് ഹിന്ദു സംഘടനകളുടെ സമ്മേളനം നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 50ഓളം ഹിന്ദുത്വ സംഘടനകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തതായാണു വിവരം. ഗ്യാൻവാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്രം, ശാഹി ഈദ്ഗാഹ് മസ്ജിദ്-മഥുര ശ്രീകൃഷ്ണ ജന്മഭൂമി തർക്കത്തിൽ ഫാസ്റ്റ്‍ട്രാക്ക് കോടതി ആരംഭിക്കണമെന്ന ആവശ്യവുമായി ഹിന്ദു ജനജാഗ്രതി സമിതി ഓൺലൈൻ ഹരജിക്കു തുടക്കം കുറിച്ചു. ഇന്ത്യൻ സംസ്‌കാരം സംരക്ഷിക്കാനായി ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്നും ഹലാൽ മുദ്ര നൽകുന്നത് രാജ്യവ്യാപകമായ നിരോധനമേർപ്പെടുത്തണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വവും അഖണ്ഡതയും സംരക്ഷിക്കാൻ ഹിന്ദു രാഷ്ട്രം സ്ഥാപിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി ദേശീയ നേതാവ് ഡോ. ചാരുദത്ത പിൻഗാലെ ആവശ്യപ്പെട്ടു. 2050ഓടെ ലോകത്ത് ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും അദ്ദേഹം വാദിച്ചു. മണിപ്പൂരിലും മിസോറമിലും ക്രിസ്ത്യൻ രാഷ്ട്രങ്ങൾ രൂപീകരിക്കാൻ ശ്രമം നടക്കുന്നുവെന്നും 'ലാൻഡ് ജിഹാദി'നു വേണ്ടി വഖഫ് നിയമങ്ങൾ ദുരുപയോഗപ്പെടുത്തുകയാണെന്നും ചാരുദത്ത ആരോപിച്ചു.

മതപ്രഭാഷകനായ അനുരാഗ് കൃഷ്ണ പഥക് ആണ് കാശി-മഥുര തർക്കങ്ങളിൽ ഫാസ്റ്റ്‍ട്രാക്ക് കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത്. ഹലാൽ മുദ്രയ്ക്ക് നിരോധനമേർപ്പെടുത്തിയ യുപി സർക്കാരിന്റെ ഉത്തരവിനെ പവൻ ചിന്തൻധാരാ ആശ്രമം നേതാവ് പവൻ സിൻഹ സ്വാഗതം ചെയ്തു. സമാനമായി രാജ്യത്തുടനീളം ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്ന നടപടി നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.

മലേഷ്യ ആസ്ഥാനമായുള്ള ഡിവൈൻ ലൈഫ് സൊസൈറ്റി സ്ഥാപകൻ മഹാമണ്ഡലേശ്വർ പ്രണവാനന്ദ് സരസ്വതി ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി. ഹിന്ദു ന്യൂനപക്ഷത്തിന്റെ മനുഷ്യാവകാശം സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ സംഘടനകളിൽനിന്നായി 120 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തതെന്ന് ഹിന്ദു ജനജാഗ്രതി നേതാവ് പിടിഐയോട് പറഞ്ഞു. യുപി, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 54 സംഘടനകളുടെ പ്രതിനിധികളാണ് പരിപാടിക്കെത്തിയത്. പൂജാരിമാർക്കും മതപ്രഭാഷകർക്കും പുറമെ അഭിഭാഷകരും മാധ്യമപ്രവർത്തകരും സംരംഭകരും ക്ഷേത്രം ട്രസ്റ്റികളും എഴുത്തുകാരും ആർടിഐ പ്രവർത്തകരും ഇതിൽ ഉൾപ്പെടുമെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു.

Summary: Hindu groups call for fast-track courts for Shahi Eidgah-Mathura and Gyanvapi Mosque-Kashi temple disputes

TAGS :

Next Story