ഫീസ് വർധനവ്: അലഹബാദ് സർവകലാശാലയിലെ വിദ്യാർഥികൾ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് വിദ്യാർഥികൾ
പ്രയാഗ്‌രാജ്: ഫീസ് വർധനയിൽ പ്രതിഷേധിച്ച് അലഹബാദ് സർവകലാശാലയിലെ വിദ്യാർത്ഥികൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെയും കോലം കത്തിച്ചു. സർവ്വകലാശാലയിലെ ബിരുദ കോഴ്സുകളുടെ ഫീസ് 400 മടങ്ങ് വർധിപ്പിച്ചതിനെതിരെയാണ് ദസറയോടനുബന്ധിച്ച് വിദ്യാർഥികളുടെ പ്രതിഷേധം. വൈസ് ചാൻസലർ സംഗീത ശ്രീവാസ്തവയുടെയും കോലം കത്തിച്ചതായി വിദ്യാർഥി യൂണിയൻ വൈസ് പ്രസിഡന്റ് അഖിലേഷ് യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പ്രധാനമന്ത്രിയെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയും വൈസ് ചാൻസലറെയും അഹങ്കാരികൾ എന്ന് വിശേഷിപ്പിച്ചാണ് വിദ്യാർഥി നേതാവിന്റെ പ്രതികരണം. 30 ദിവസമായി നിരാഹാര സമരം നടത്തിയിട്ടും അധികൃതർ തങ്ങളെ ഗൗനിച്ചില്ലെന്ന് യാദവ് പറഞ്ഞു. എന്നാൽ ദസറയോടനുബന്ധിച്ച് അവധിയായതിനാൽ ക്യാമ്പസിൽ സമരം ചെയ്യുന്നവരൊഴികെ മറ്റാരുമുണ്ടായിരുന്നില്ല. യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷനുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഫീസ് വർധനയുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി അഡ്മിനിസ്‌ട്രേഷനും വിദ്യാർത്ഥി യൂണിയനും തമ്മിൽ രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ചർച്ച സമ്പൂർണ പരാജയമായിരുന്നുവെന്ന് വിദ്യാർഥി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു.
Adjust Story Font
16